Monday, February 24, 2014



മോഷ്ടാവ് സന്യാസിയായി മാറിയ ഒരു കഥയുണ്ട്. രാത്രിയില്‍ വേഷം മാറി മോഷണത്തിന് ഇറങ്ങിത്തിരിച്ച മോഷ്ടാവിനെ കണ്ട് ഒരാള്‍ കള്ളനെന്ന് വിളിച്ച് കൂവി ബഹളം വെച്ചു. ഇറങ്ങി ഓടിയ കള്ളന്റെ പിറകെ ഒരു ഗ്രാമം മുഴുവനും ഓടി. താന്‍ പിടിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ കള്ളന് പെട്ടെന്ന് ഒരു സൂത്രം തോന്നി. ഓടുന്നതിനിടയില്‍ അയാള്‍ അല്‍പം ചാരം സംഘടിപ്പിച്ചു. ചാരത്തില്‍ കൈ വിരല്‍ മുക്കി നെറ്റിയിലും നെഞ്ചിലും അയാള്‍ കുറി വരച്ചു. വഴിയില്‍ കണ്ട ആല്‍മരത്തറയില്‍ ചമ്രംപടിഞ്ഞിരുന്ന് കണ്ണടച്ച് അയാള്‍ ദൈവനാമം ഉച്ചരിക്കാന്‍ തുടങ്ങി. കള്ളന്റെ പിറകെ പോയവര്‍ക്ക് കള്ളനെ കാണാനായില്ല. എന്നാല്‍ ആല്‍മരത്തറയില്‍ അവര്‍ ഒരു ഭക്തനായ സന്യസിയെ കണ്ടു. അവരെല്ലാം സന്ന്യാസിവര്യരെ താണുവണങ്ങി. സന്യാസി കണ്ണുതുറന്നു. ചുറ്റും നിരന്നു നില്‍ക്കുന്ന ഭക്തപരിവാരത്തെ കണ്ടു. അവര്‍ ഭക്ത്യാദരപൂര്‍വ്വം സന്യാസിയോട് ആവലാതി ബോധിപ്പിച്ചു. ഗൗരവ ഭാവം പൂണ്ട് സന്യാസി പറഞ്ഞു. ഇനി മേല്‍ ഈ ഗ്രാമത്തിന് മോഷ്ടാവിന്റെ ശല്യമുണ്ടാവില്ല. ഈ ഗ്രാമത്തിന്റെ സുരക്ഷിതത്വം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. ഭക്തര്‍ താണു വണങ്ങി സന്യാസിയുടെ മുന്നില്‍ ധാരാളം ഭിക്ഷ സമര്‍പ്പിച്ചു. പിന്നീട് ആ ഗ്രാമത്തില്‍ മോഷണ ശല്യമുണ്ടായില്ല. അന്നുമുതല്‍ സന്യാസി ആ ഗ്രാമത്തെ രാപ്പകലുകള്‍ കാത്ത് രക്ഷിച്ച് പോന്നു.
ഇവിടുന്നാണ് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മീയ ചൂഷണത്തിന്റെ കഥ തുടങ്ങുന്നത്. ഒരു ഗ്രാമത്തിന്റെ ആചാര്യനായാല്‍ ആ ഗ്രാമത്തിലെ വിശുദ്ധരായ ഭക്തശിരോമണികളുടെ ഭിക്ഷ മുഴുവനും പിരിച്ചെടുക്കാം. ഒരു സംസ്ഥാനത്തിന്റെ തന്നെ രാജാവായാലോ? എങ്കില്‍ പിരിച്ചെടുക്കാന്‍ കഴിയുന്നത് വിശ്വാസി ലക്ഷങ്ങളുടെ കോടി സക്കാത്താണ്. അങ്ങിനെയാണ് ജനാധിപത്യ ഇന്ത്യയിലെ വെറുമൊരു സംസ്ഥാനമായ കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയുള്ളപ്പോഴും മുസ്‌ലിംകള്‍ക്ക് വേണ്ടി ഒരു ഖലീഫ (രാജാവ്) യുണ്ടായത്. അമീറുല്‍ മുഅ്മിനീന്‍ എന്ന് പേര് വിളിച്ചത് നബി തങ്ങള്‍ക്ക് ശേഷം ഇസ്‌ലാമിക ഖിലാഫത്തിന് നേതൃത്വം നല്‍കിയ ഇസ്‌ലാമിലെ (ഖലീഫ) രാജാവിനാണ്.
അമീറിന് ഒരുപാട് അധികാരങ്ങളുണ്ട്. ഇസ്‌ലാമിക നിയമമനുസരിച്ച് രാജ്യം ഭരിക്കുക, പ്രജകളുടെ ക്ഷേമഐശ്വര്യങ്ങള്‍ക്ക് വേണ്ടി ഇടപെടുക, രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷിതത്വം, നീതി നടപ്പിലാക്കല്‍, രാജ്യാതിര്‍ത്തി കാക്കല്‍, നിയമം സൃഷ്ടിക്കല്‍ തുടങ്ങി പിടിപ്പത് ബാധ്യത നിര്‍വ്വഹിക്കാനുണ്ട്.
എന്നാല്‍ കേരള അമീറിന് ഇത്തരം ജോലി ഭാരങ്ങളൊന്നും കേന്ദ്ര ശൂറ അനുവദിച്ചു നല്‍കിയിട്ടില്ല. അതിനാല്‍ വ്യഭിജരിച്ച ഒരാളെയും എറിഞ്ഞു കൊല്ലാന്‍ ഇന്ന് വരെ അമീറിന് കല്‍പന പുറപ്പെടുവിക്കേണ്ടി വന്നിട്ടില്ല. നിസ്‌കരിക്കാത്തവന്റെ തല വെട്ടുക, മോഷ്ടാവിന്റെ കൈ വെട്ടുക ഇത്യാദി അധികാര ഭാരത്തിന്റെ നൂലാമാലകളൊന്നും അദ്ദേഹത്തെ അലട്ടുന്നില്ല. ബൈഅത്ത് ചെയ്ത വളരെ കുറച്ച് പേരുടെ സ്വഭാവ ദൂഷ്യങ്ങില്‍ മാത്രം വിധി പുറപ്പെടുവിച്ചാല്‍ മതി.
അച്ചടക്കം ലംഘിച്ച പ്രജകളായ ഒ. അബ്ദുല്ല, രിയാളു സാഹിബ്, ഹമീദ് വാണിമേല്‍ തുടങ്ങി മങ്കട ഇമാമു വരെയുള്ളവരെ രാജ്യാര്‍തിര്‍ത്തിയില്‍ നിന്ന് പടിയടച്ച് പിണ്ഠം വെച്ചാല്‍ അമീറിന് നിദ്ര പുല്‍കാം. വെളുപ്പാം കാലത്ത് ഉണര്‍ന്ന് മീഡിയാ വണ്‍ ചാനലിലെ ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം പ്രക്ഷേപണം ചെയ്യുന്ന നാടകം, റിയാലിറ്റി ഷോ, സിനിമ, ഗാനമേള, സമര മത്സരങ്ങള്‍ എന്നിവ കണ്ട് ഉള്‍പുളകമണിഞ്ഞ് അഭിനേതാക്കള്‍ക്കും അഭിനേത്രികള്‍ക്കും അവാര്‍ഡ് നല്‍കി കൊച്ചി, തിരുവിതാംകൂര്‍ തുടങ്ങി അയല്‍ രാജാക്കന്‍മാരുടെ അധികാരാരോഹണച്ചടങ്ങില്‍ പങ്കെടുത്ത് അവരുടെ പട്ടമഹിഷിമാരുമായി ഭരണകാര്യങ്ങളുടെ സങ്കേതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് കഴിയുമ്പോഴേക്കും നേരം പാതിരയാവും. സഹായിക്കാന്‍ അസിസ്റ്റന്റ് അമീറും ശിങ്കിടികളുമുള്ളതിനാല്‍ ഒരു തരത്തില്‍ ഭരണം ശുഭം. കുറേ യൗവ്വന ശിങ്കങ്ങളെ തീറ്റിപോറ്റുന്നതിനാല്‍ അതിര്‍ത്തിയില്‍ നിന്നുള്ള ആക്രമണവും ഭയപ്പെടേണ്ടതില്ല.
ആകെ വരുന്ന ഒരു ജോലി ഭാരം വര്‍ഷം തോറും പ്രജകളുടെ സകാത്ത് മുടങ്ങാതെ പിരിച്ചെടുക്കുന്നതാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകരാതെ കാത്തു സൂക്ഷിക്കേണ്ടതുണ്ടല്ലോ..? മാധ്യമം, മീഡിയവണ്‍, സമരങ്ങള്‍, നാടകങ്ങള്‍, പോസറ്ററുകള്‍, തെരഞ്ഞെടുപ്പുകള്‍, സമ്മേളനങ്ങള്‍ ഇത്യാദി കര്‍മ്മ മഹാമഹങ്ങളെല്ലാം പ്രജ, ക്ഷേമത്തിനായി രാപ്പകല്‍ ഭേധമന്യേ പണിയെടുക്കുന്ന ഉദ്യോഗസ്ഥ വര്‍ഗ്ഗത്തെ തീറ്റിപ്പോറ്റുകയും കൊട്ടാരവും ഫ്‌ളാറ്റും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതില്ലേ.. ? അതിനാല്‍ അമീര്‍ ജാഗ്രതോയടെ നിര്‍വ്വഹിക്കേണ്ട വലിയ ബാധ്യതയാണ് സകാത്ത് പിരിവ്.
ഇങ്ങിനെയെല്ലാമാണെങ്കിലും രാജാവും പ്രജകളും പച്ചവെള്ളം ചവച്ചരച്ചേ കുടിക്കൂ.. LCD ഉപയോഗിച്ചോ മറ്റോ തെരുവിലിരുന്നാരെങ്കിലും മതവിഷയത്തില്‍ സംവാദം നടത്തുന്നത് പോലും പ്രജാപതിക്കും പ്രജകള്‍ക്കും സഹിക്കില്ല. അങ്ങിനെ പരവിദ്വേഷം പ്രചരിപ്പിക്കുകയോ പരസ്പരം ഗ്വാ ഗ്വാ വിളിക്കുകയോ ചെയ്യരുത്. അതെല്ലാം മഹാ കഷ്ടമാണ്. മാനക്കേടാണ്. അന്തസോടെ മാത്രമേ അമീറും അനുയായികളും നാടകം പോലും കളിക്കൂ. ആത്മീയ ചൂഷണവും പൗരോഹിത്യ വാഴ്ചയും നേരിടാന്‍ ഇരുമ്പുലക്കെയെടുത്തും മുക്രയിട്ടും കോലം വരച്ചും കോലം കെട്ടുന്നത് അധര്‍മ്മം സഹിക്കാത്തത് കൊണ്ട് മാത്രമാണ്. എന്തും സഹിക്കും, അധര്‍മ്മവും അനീതിയും മാത്രം നോക്കി നില്‍ക്കാനേ പാടില്ല. ഇതല്ലേ ജമാഅത്തിയന്‍ മതം തന്നെ. അപ്പോള്‍ പിന്നെയെങ്ങിനെ മാധ്യമത്തിലും പ്രബോധനത്തിലുമിരുന്ന് തെറി പറയാതിരിക്കും. സത്യം സ്ഥാപിക്കാന്‍ അല്പമൊക്കെ നുണ പറയാവുന്നതേയുള്ളൂ.
മതത്തിന്റെ പേരില്‍ വിശ്വാസികളുടെ സമ്പത്തോ ആരോഗ്യമോ ചൂഷണം ചെയ്യുമ്പോള്‍ അതെങ്ങിനെ സഹിക്കാനാവും. സുന്നി മുസ്‌ലിയാക്കന്‍മാര്‍ സ്വലാത്തിന്റേയും ദിക്‌റിന്റെയും മൗലിദിന്റെയും ബറക്കത്തിന്റെയും പേരില്‍ പണം പിരിച്ച് പള്ളിയും മദ്രസയും അറബി കോളേജുകളും സമ്മേളനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തുന്നതും വിശ്വാസികളുടെ ആരോഗ്യം ഉപയോഗിച്ച് സംഘടനാ പ്രവര്‍ത്തനം നടത്തുന്നതും വിശ്വാസികളുടെ ആത്മീയ ചൂഷണമല്ലെങ്കില്‍ അമൃതാനന്ദമയിയും സായിബാബയും ശ്രീ ശ്രീയും നടത്തുന്ന ചൂഷണത്തെ എതിര്‍ക്കാനാകുമോ.?
ഇടിച്ച് പൊളിച്ച് ധൂമം പറത്തിയേ ഇസ്‌ലാമിക ഖലീഫക്കും അനുയായികള്‍ക്കും വിശ്രമിക്കാനാകൂ.. പാവം വിശ്വാസികളെ മാലയും മൗലീദും സ്വലാത്തും ബറക്കത്തും ചൊല്ലി ചൂഷണം ചെയ്യാവതല്ല തന്നെ. വിശ്വാസികളുടെ നിര്‍ബന്ധ ബാധ്യതയായ സകാത്ത് അമീറിന്റെ ബൈത്തുല്‍ മാലിലടച്ച് രശീതി വാങ്ങിയില്ലെങ്കില്‍.... (ഇസ്‌ലാമിന്റെ പേരില്‍ സക്കാത്ത് അടിച്ചു മാറ്റുന്നത് ചൂഷണമാണെന്ന് ശൂറ ഇത് വരെ ഫത്‌വ ഇറക്കിയിട്ടില്ല) പിന്നെയെങ്ങിനെയാണ് ഇസ്‌ലാമിക രാജ്യത്തിന്റെ തലസ്ഥാനം ഡല്‍ഹിയാക്കി മാറ്റാനാവുക.
സുന്നീ പുരോഹിത വര്‍ഗ്ഗം ഖുര്‍ആനും ഹദീസും പൂര്‍വ്വിക പണ്ഡിതന്മാരുടെ വിശദീകരണവുമനുസരിച്ച് മതകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കൊണ്ടാണ് പ്രജകളുടെ ഗണ്യമായ കുറവുണ്ടാവുന്നത്. അധികാരം മെലിഞ്ഞുണങ്ങിപ്പോവുന്നത്. അടിസ്ഥാന രാഷ്ട്രീയ വിഷയത്തില്‍ പോലും അഭിപ്രായ ഏകീകരണത്തിലെത്താനാവാത്തത് പൗരോഹിത്യം വെള്ള കന്തൂറയും തലപ്പാവുമണിഞ്ഞതിനാലാണ്. പാന്റ്‌സും കുപ്പായവുമിട്ട അമീറുമാരെ (പുരോഹിതന്‍മാര്‍) യാണ് ജനം അംഗീകരിക്കേണ്ടത്. തലപ്പാവണിഞ്ഞ പുരോഹിത വര്‍ഗ്ഗം ഗ്രന്ഥം നോക്കി മറുപടി പറഞ്ഞാല്‍ പുതിയ കാലത്തിനനുസരിച്ച് മതനിയമങ്ങള്‍ മാറ്റിപ്പറയാനാവുമോ... കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കാനറിയാത്തതു കൊണ്ടല്ലേ താബൂത്തിയന്‍ ഭരണ സങ്കേതങ്ങള്‍ ഉണ്ടായത്. പാന്റ്‌സ് പുരോഹിതന്മാരുണ്ടായതിനാലല്ലേ ഇന്ന് മത്സരിക്കാനാവുന്നത്. ഇലക്ഷനില്‍ വോട്ട് ചെയ്യാനാവുന്നത്. സര്‍ക്കാര്‍ ശമ്പളം പറ്റാനാവുന്നത്. സ്ത്രീകളെ തെരുവിലിറക്കാനും നാടകം കളിപ്പിക്കാനും അവരോടൊപ്പം ശൂറയില്‍ സ്വകാര്യം പറയാനുമാവുന്നത്. അങ്ങിനെയങ്ങിനെയങ്ങിനെ നാളെ ഇന്ദപ്രസ്ഥത്തില്‍ ജമായത്തെ ഇസ്‌ലാമിയുടെ ഖലീഫ വാഴാനിരിക്കുന്നത്.

No comments: