Monday, December 12, 2011

കെ എം മുസ്തഫ്............ ഭ്രാന്തില്ലാത്തവരുണ്ടോ? --



ഭ്രാന്തില്ലാത്തവരുണ്ടോ? -- കെ എം മുസ്തഫ്

madless.jpg
കുറെകാലമായി ഭ്രാന്തില്ലാത്ത ഒരു മനുഷ്യനെത്തേടിയുള്ള യാത്രയിലായിരുന്നു ഞാന്‍. യാത്ര ഒരു തീരത്തുമടുത്തില്ല, എന്നു മാത്രമല്ല അനാദികാലം മുതലുള്ള ഭ്രാന്തുകളെല്ലാം കൂടി എന്റെ പിറകെ ആര്‍ത്തലച്ചു വരികയും ചെയ്തു. ഇന്ന് ഞാന്‍ യാത്രയിലല്ല. ജീവിതം കൊണ്ടുള്ള ഓട്ടത്തിലാണ്. * * * ഞാന്‍ കേട്ട ഒരു കഥ നിങ്ങളോടു കൂടി പറയാം. പണ്ടു പണ്ട്.... എല്ലാ കഥയും തുടങ്ങുന്നത് അങ്ങനെയാണല്ലോ. നാളെ നാളെ എന്നു തുടങ്ങുന്ന ഒരു കഥ പറയണമെന്ന തീക്ഷ്ണമായ ആഗ്രഹം എന്നെ ഭരിക്കുന്നുണ്ട്.
 എന്നാല്‍ പറയാന്‍ വാക്കുകളില്ലാതെ ഞാന്‍ 
പരാജയപ്പെട്ടു പോകുന്നു. ഒരു പക്ഷേ, 
വാക്കുകളില്ലാത്ത കഥയായിരിക്കാം 
നാളെയുടേത്! തല്‍ക്കാലം നമുക്കൊരു 
പഴയകഥ പങ്കുവയ്ക്കാം. പഴയതെന്നു 
വച്ചാല്‍ വളരെ പഴയത്. പണ്ടു പണ്ട് ഒരു
 രാജാവുണ്ടായിരുന്നു. രാജാവാകണമെങ്കില്‍ 
പണ്ടൊക്കെ രാജ്യം വേണമായിരുന്നു.
 (രാജ്യമില്ലാത്ത രാജാവ് നാളെ പിറക്കാനിരിക്കുന്നതേയുള്ളൂ) 
ഈ കഥയുടെ രാജാവിനും സമ്പദ്സമൃദ്ധമായ
 ഒരു രാജ്യമുണ്ടായിരുന്നു എന്നു പ്രത്യേകം
 പറയേണ്ടതില്ലല്ലോ. പിന്നെയോ? പണ്ടത്തെ 
രാജാക്ക•ാരൊക്കെ ശക്തരും ബുദ്ധിമാന്‍മാരും
 ധീരരും പ്രജാക്ഷേമ തല്‍പരരുമായിരുന്നല്ലോ. 
അങ്ങനെയായിരുന്നെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും
 ഇല്ലെങ്കിലും ഒരു സത്യം പറയാം. 
അന്നുമാത്രമല്ല, ഇന്നും രാജാക്ക•ാരൊക്കെ 
എന്നെപ്പോലുള്ള എഴുത്തുകാര്‍ക്കായി 
കൊട്ടാരത്തിന്റെ മട്ടുപ്പാവിനടുത്ത് ജാലകം
 തുറന്നാല്‍ ഉലകം ചുറ്റാവുന്ന ഒരു മുറി 
ഒരുക്കിക്കൊടുക്കാറുണ്ട്. പണ്ടു പണ്ടവര്‍ക്കു 
മുന്നില്‍ ഓലയും ആണിയുമായിരുന്നെങ്കില്‍
 കുറച്ചുമുമ്പ് വരെ പേനയും കടലാസുമായിരുന്നു.
 ഇന്ന് ലാപ്ടോപ്പാണെന്ന വ്യത്യാസമുണ്ട്. 
നാളെ അത് എന്താകുമെന്ന് പറയുക അസാധ്യം. 
എന്തു തന്നെയായാലും ലോകത്ത് 
വംശനാശഭീഷണി ഒട്ടും തന്നെയില്ലാത്ത 
തൊഴിലാളിവര്‍ഗമാണ് എഴുത്തുകാര്‍. 
എന്തുകൊണ്ടെന്നല്ലേ... പേടിത്തൊണ്ടനെയും
 പമ്പരവിഡ്ഢിയെയും പെരുങ്കള്ളനെയുമൊക്കെ
 വീരശൂര പരാക്രമിയും മഹാബുദ്ധിമാനും 
പ്രജാസ്നേഹിയുമൊക്കെയാക്കാനുള്ള 
മഹാമന്ത്രം ഞങ്ങളുടെ വര്‍ഗത്തിനു മാത്രമേ
 അറിയൂ. ഞങ്ങള്‍ക്ക് പരിമിതമായ 
ആവശ്യങ്ങളേയുള്ളൂ. ചാരിക്കിടന്ന് 
സ്വപ്നം കാണാന്‍ ഒരു കസേര. പുറത്തേക്ക്
 തുറക്കാവുന്ന ജാലകം. ഒരു എഴുത്തുകാരനോട് 
സ്വകാര്യമായി ചെന്നു ചോദിക്കുക; ചരിത്രം 
പാതിയിലധികവും പെരുംനുണയല്ലാതെ 
മറ്റൊന്നുമല്ലെന്നു പറഞ്ഞ് അയാള്‍ 
പൊട്ടിച്ചിരിക്കും. കഥയിലേക്കു വരാം. 
നമ്മുടെ രാജാവും സല്‍ഗുണ സമ്പന്നനായിരുന്നു. 
കൊട്ടാരവും രാജ്ഞിയും മന്ത്രിയും
 പരിവാരങ്ങളുമൊക്കെയുണ്ടായിരുന്നു
 ഈ രാജാവിനും. എന്നാല്‍ അദ്ദേഹത്തിനൊരിക്കലും
 ഒരു എഴുത്തുകാരന്റെ സേവനം ആവശ്യമായി 
വന്നിരുന്നില്ല. എല്ലാ ആണുങ്ങളുടെയും 
വിജയത്തിനു പിന്നില്‍ ഒരു പെണ്‍കയ്യുണ്ടെന്ന് 
പറഞ്ഞു കേള്‍ക്കാറുണ്ട്. കയ്യല്ല കണ്ണാണെന്നാണ് 
എന്റെ അനുഭവം. കണ്ണിന് കയ്യിനെക്കാള്‍ 
കാര്യങ്ങളെ മാറ്റി മറിക്കാനാവും. വിജയത്തില്‍
 മാത്രമല്ല ഈ പെണ്‍കണ്ണിന്റെ സ്വാധീനം. 
പരാജയത്തിലേക്കും പലരെയും അത് പിടിച്ചു 
വലിച്ചിട്ടുണ്ട്. കഥയിലെ രാജാവിന്റെ 
ധര്‍മ്മപത്നി മഹാഭക്തയായിരുന്നു. 
ഭിക്ഷുക്കളെയും സന്യാസികളെയും
 ഗുരുക്ക•ാരെയുമൊക്കെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു സല്‍ക്കരിക്കുന്നതില്‍ അവര്‍ താല്‍പര്യം പുലര്‍ത്തിപ്പോന്നു. അധ്വാനിക്കുന്ന മനുഷ്യരിലായിരുന്നു രാജാവിന് വിശ്വാസം. എങ്കിലും ലിംഗസമത്വം എന്ന വാക്ക് രൂപപ്പെട്ടിട്ടില്ലാത്ത കാലത്തും രാജാവ് രാജപത്നിയുടെ താല്‍പര്യങ്ങളെ ബഹുമാനിക്കുകയും കൊട്ടാരത്തില്‍ അതിനായി പ്രത്യേകം സൌകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ഒരിക്കല്‍ ഒരു മാമുനി തന്റെ ഭക്തയായ രാജപത്നിയെ കാണാന്‍ കൊട്ടാരത്തിലെത്തി. രാജാവും രാജ്ഞിയും മന്ത്രിയും പരിവാരങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ ആദരവോടെ സ്വീകരിച്ചു. കൊടുങ്കാട്ടില്‍ ദീര്‍ഘനാളത്തെ ഘോരതപസ്സിലൂടെ അസാധാരണ ശക്തികള്‍ ആര്‍ജ്ജിച്ച് പുറത്തുവന്ന അദ്ദേഹത്തെ സ്വസ്ഥവും വിശുദ്ധവുമായ ഒരു മുറിയിലേക്ക് രാജ്ഞി ആനയിച്ചു. കുന്നിന്‍മുകളില്‍ കയറി ഒരു എഴുത്തുകാരന്‍ കൊട്ടാരത്തിന്റെ തുറന്നു വച്ച ജാലകത്തിലൂടെ കണ്ണുപായിച്ചു. മാമുനി ധ്യാനത്തില്‍ കണ്ണടച്ചിരുന്നു. ഊതിക്കാച്ചാന്‍ പറ്റിയ ഒരു തീപ്പൊരി കണ്ടെത്താനാവാതെ നിരാശനായി എഴുത്തുകാരന്‍ കുന്നിറങ്ങി. രാവുണര്‍ന്നതും മാമുനി എണീറ്റ് കൊട്ടാരവളപ്പിലെ കുളക്കരയിലെത്തി. തണുത്ത പുലരി. പുലര്‍കിളിയുടെ കളമൊഴി. അടുത്തെങ്ങും ആരുമില്ലെന്നുറപ്പുവരുത്തി വസ്ത്രങ്ങളെല്ലാമുരിഞ്ഞ് മുനി കുളത്തിലേക്ക് മുങ്ങാംകുഴിയിട്ടു. വെള്ളത്തിനടിയില്‍ ശ്വാസം നിയന്ത്രിച്ച് മുനി എത്രനേരം ധ്യാനത്തില്‍ മുഴുകിയെന്നറിയില്ല. തിരിച്ചു കയറി വസ്ത്രമെടുക്കാനായി നോക്കിയപ്പോള്‍ അത് കാണാനില്ല. നഗ്നനായ മുനി ചുറ്റിനും പരതി. കുറച്ചകലെ ആസകലം ചെളിപുരണ്ട ഒരാള്‍ മുനിയുടെ വസ്ത്രവും പിടിച്ച് ഇളിച്ചു നില്‍ക്കുന്നു. ധ്യാനത്തിന്റെ കൊടുമുടി കണ്ടവന്‍ മുനി, എന്നിട്ടും അദ്ദേഹം ക്രോധം കൊണ്ട് ചുട്ടുപഴുത്തു. അട്ടഹസിച്ചുകൊണ്ട് അദ്ദേഹം അയാള്‍ക്കുനേരെ പാഞ്ഞു. അയാള്‍ മുനിയെ തിരിച്ചറിയാന്‍ കഴിയാത്ത വിധം ഭ്രാന്തനായിരുന്നു. പാഞ്ഞുവരുന്ന മുനിയെകണ്ട് അയാളും പാഞ്ഞു. ഭ്രാന്തിന്റെ പാച്ചിലിനൊപ്പമെത്താന്‍ മുനിക്കായില്ല. ഭ്രാന്തിന് മന്ത്രത്തെക്കാള്‍ ശക്തിയുണ്ട്. ഭ്രാന്തന്‍ കൊട്ടാരവളപ്പും കടന്ന് തെരുവിലെവിടെയോ അപ്രത്യക്ഷനായി. സങ്കടവും ദേഷ്യവും കൊണ്ട് മുനി വിറച്ചുതുള്ളി. കാലങ്ങള്‍ക്കു ശേഷം സ്വന്തം നഗ്നതയിലേക്ക് നോക്കിയ അദ്ദേഹം വല്ലാത്ത അപകര്‍ഷതാ ബോധത്തിലേക്ക് വീണു. സ്ത്രീകളാരെങ്കിലും കണ്ടാല്‍ തന്റെ ജീവിതം തന്നെ പാഴായിപ്പോകുമെന്ന് അദ്ദേഹം ഭയന്നു. ഭയക്കുന്നത് സംഭവിക്കുകതന്നെ ചെയ്യുമെന്നത് ഒരു പ്രകൃതിനിയമമാണ്. രാജപത്നിയും തോഴിമാരും അതുവഴി വന്നു. മുദ്രകള്‍ ശീലിച്ച കൈകൊണ്ട് മുനി മാനം മറക്കാന്‍ പാടുപെട്ടു. പുലര്‍ച്ചെവന്ന് മാനം മോഷ്ടിച്ചു കടന്നവനെ തന്റെ മുന്നില്‍ ഹാജറാക്കുവാന്‍ മുനി രാജാവിനോട് കല്‍പിച്ചു. രാജകിങ്കര•ാര്‍ ഭ്രാന്തനെത്തേടി നാടാകെ നടന്നു. ഉച്ചനേരത്ത് ഒരു ആല്‍ത്തറയില്‍ ഉറങ്ങുകയായിരുന്ന അയാളെ പിടിച്ചുകെട്ടി അവര്‍ തിരുമനസ്സിനു മുന്നില്‍ ഹാജറാക്കി. അയാളപ്പോഴും എന്താണ് സംഭവിക്കുന്നതെന്നറിയാതെ പല്ലിളിച്ചു നില്‍ക്കുകയായിരുന്നു. "മഹാമുനിയായ എന്റെ മാനം കളഞ്ഞ ഇവന്റെ തലയറുക്കുക.'' മുനി ഉത്തരവിട്ടു. രാജാവ് ധര്‍മ്മസങ്കടത്തിലായി. സുബുദ്ധിയില്ലാത്ത ഒരു പാവം കാണിച്ചുപോയ വികൃതിക്ക് ഇത്ര വലിയ ശിക്ഷയോ...! അത് തീര്‍ത്തും ക്രൂരമാണ്. തനിക്കത് ചെയ്യാനാവില്ല. "അങ്ങ് ക്ഷമിക്കണം. ഇവന്‍ സ്വബോധമില്ലാത്ത ഒരു ഭ്രാന്തനാണ്. അങ്ങയുടെ വലിയ മനസ്സ് ഇവന് പൊറുത്തു കൊടുക്കാന്‍ ഞാന്‍ അപേക്ഷിക്കുകയാണ്.'' മുനി വഴങ്ങിയില്ല. "എന്റെ വാക്കുകള്‍ ധിക്കരിച്ചാല്‍ രാജാവേ, താങ്കള്‍ അനുഭവിക്കേണ്ടി വരും.'' മുനി ഭീഷണി മുഴക്കി. "അടിയന്റെ ഒരു പാവം പ്രജയെ വധിക്കുന്നതിനു പകരം എന്തനുഭവിക്കാനും ഞാന്‍ തയ്യാറാണ് മുനേ...'' രാജാവ് ഉറച്ചു നിന്നു. അത്രക്ക് വേണ്ടിയിരുന്നോ എന്ന് രാജ്ഞി രാജാവിന്റെ കാതില്‍ ചോദിച്ചു. മുനിയെ പിണക്കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു അവളുടെ ഉത്ക്കണ്ഠ. പെണ്ണുങ്ങള്‍ ആണുങ്ങളെക്കാള്‍ കൂടുതല്‍ പ്രായോഗിക ബുദ്ധിയുള്ളവരാണ്. കളി കാര്യം വിടുമ്പോഴേക്കും ഊരാനുള്ള സൂത്രമവര്‍ കണ്ടെത്തുന്നു. രാജ്ഞിയുടെ മന്ത്രമൊന്നും രാജാവിന് ഏറ്റില്ല. രാജാവിനെ പാഠംപഠിപ്പിക്കുമെന്ന് ശപഥം ചെയ്ത് മുനി ഇറങ്ങി നടന്നു. വരാനുള്ളത് വഴിയില്‍ തങ്ങാറില്ല എന്ന് രാജ്ഞിയെ സമാധാനപ്പെടുത്തി രാജാവ് രാജ്യകാര്യങ്ങളിലേക്ക് കടന്നു. ആ നാട്ടില്‍ ഒരു പൊതുകിണറുണ്ടായിരുന്നു. പൊതുവിദ്യാലയവും പൊതുവായനശാലയും പൊതു ആശുപത്രിയും പൊതുകക്കൂസും പോലെ പൊതുവായ ഒരു കിണര്‍. പ്രജകളെല്ലാം ആ കിണറ്റിലെ വെള്ളമാണ് കുടിച്ചിരുന്നത്. പോകുന്ന വഴിയില്‍ മുനി കിണറ്റിനരികിലെത്തി. ഉച്ചനേരമായതു കൊണ്ട് അവിടെങ്ങും ആരുമുണ്ടായിരുന്നില്ല. ഏതോ അപൂര്‍വ ഘോരമന്ത്രമുരുവിട്ടുകൊണ്ട് മുനി കിണറ്റിലേക്ക് നീട്ടി ഊതി. കിണറ്റിലെ വെള്ളം പുകയുന്നത് ആരുമറിഞ്ഞില്ല. ഇന്നത്തെപ്പോലെ പണ്ടും പെണ്ണുങ്ങളായിരുന്നു നേരത്തെ ഉണര്‍ന്നിരുന്നത്. ആണുങ്ങള്‍ക്ക് ഉറക്കമില്ലാത്തതു കൊണ്ട് ഉണരാറുമില്ലായിരുന്നു. ഉണര്‍ന്നെണീറ്റ നാരീമണികള്‍ വെള്ളം കോരാനായി കിണറ്റിന്‍ കരയിലെത്തി. കുടം നിറയെ വെള്ളവുമായി തിരിച്ചുകുടിയിലെത്തിയ അവര്‍ ചായയുണ്ടാക്കി ഉറക്കം നടിച്ചു കിടക്കുന്ന ആണുങ്ങളെ വിളിച്ചു. ചായ മൊത്തിക്കുടിച്ച ആണുങ്ങളെല്ലാം പൊടുന്നനെ സടകുടഞ്ഞെണീറ്റു. ഉടുമുണ്ടുപോലുമുടുക്കാതെ അവരെല്ലാം പുറത്തേക്ക് പാഞ്ഞു. തെരുവില്‍ കൂട്ടംകൂടി അവര്‍ കുറുക്ക•ാരെപ്പോലെ കൂവി. എന്താണ് തങ്ങളുടെ പുരുഷ•ാര്‍ക്ക് സംഭവിച്ചതെന്നറിയാതെ അന്തം വിട്ടു നിന്ന പെണ്ണുങ്ങളും വെറും വയറ്റിലേക്ക് ഇത്തിരി ചായ പകര്‍ന്നു. അടുത്തനിമിഷം അവരും വസ്ത്രങ്ങളെല്ലാമുരിഞ്ഞ് പുറത്തേക്ക് പാഞ്ഞു. മുടി അഴിച്ചിട്ട് അവര്‍ ഭദ്രകാളികളായി തുള്ളി. പ്രഭാതം പൂര്‍ണ്ണമായപ്പോഴേക്കും രാജ്യം മുഴുവന്‍ അട്ടഹാസങ്ങള്‍ കൊണ്ട് നിറഞ്ഞു. അട്ടഹാസം തെരുവുകള്‍ ഭേദിച്ച് രാജകൊട്ടാരത്തിലുമെത്തി. ശത്രുസൈന്യം അപ്രതീക്ഷിതമായി അക്രമം അഴിച്ചുവിട്ടോ എന്ന ആശങ്കയുമായി രാജാവ് യുദ്ധസന്നാഹത്തോടെ ഇറങ്ങി. തെരുവില്‍ നഗ്നരായി തുള്ളുന്ന തന്റെ നരനാരീ പ്രജകളെ കണ്ട് അദ്ദേഹത്തിന്റെ ബോധം പോയി. സൈന്യാധിപന്‍ കുലുക്കിയുണര്‍ത്തിയപ്പോഴും വിട്ടുപോവാത്ത വിഭ്രാന്തിയിലായിരുന്നു അദ്ദേഹം. ഒരു രാവ് പുലര്‍ന്നപ്പോഴേക്കും തന്റെ നാടിനു സംഭവിച്ച മാറ്റം അംഗീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതേയില്ല. "നിങ്ങളെല്ലാം നഗ്നരാണ്. ദയവായി നാണം മറയ്ക്കുവീന്‍.'' ഒരു വിധം സംയമനത്തോടെ രാജാവ് അപേക്ഷിച്ചു. ജനക്കൂട്ടം ആര്‍ത്തുചിരിച്ചു. "ഇന്നലെവരെ താങ്കള്‍ക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നല്ലോ രാജാവേ... ഇന്നെന്താണ് സംഭവിച്ചത്. ഈ തുണികളെല്ലാം ശരീരത്തില്‍ കെട്ടിവരിയാന്‍ താങ്കള്‍ക്കെന്താ ഭ്രാന്തുണ്ടോ? ഇപ്പോള്‍ തന്നെ അവയെല്ലാം അഴിച്ചു വയ്ക്കുക. ഞങ്ങളുടെ രാജാവ് വസ്ത്രം ധരിക്കാന്‍ പാടില്ല...'' ജനം പറഞ്ഞു. രാജാവ് നടുങ്ങി. ദൈവമേ വലഞ്ഞല്ലോ... ആര്‍ക്കാണ് ശരിക്കും ഭ്രാന്ത്. ഉടുതുണിയഴിച്ചിട്ട ഈ ജനക്കൂട്ടത്തിനോ എനിക്കോ...? കൂടുതല്‍ ചിന്തിക്കാന്‍ സമയം കിട്ടും മുമ്പ് ആള്‍ക്കൂട്ടത്തിലൊരുവന്‍ വിളിച്ചുപറഞ്ഞു. "നമ്മുടെ രാജാവിന് ഭ്രാന്തുപിടിച്ചിരിക്കുന്നു. ഇനി നമ്മെ ഭരിക്കാന്‍ അദ്ദേഹത്തിനു കഴിയില്ല.'' ജനം അത് ഏറ്റുപിടിച്ചു. "രാജാവിനെ നാടുകടത്തുക.'' തെരുവില്‍ മുദ്രാവാക്യം മുഴങ്ങി. സൈന്യം ഒരു കലാപത്തിന്റെ സാധ്യത മണത്തു. അവര്‍ രാജാവിനെയും കൊണ്ട് കൊട്ടാരത്തിന്റെ രഹസ്യ അറയിലേക്ക് പാഞ്ഞു. പുറത്ത് നഗ്നരായ ആള്‍ക്കൂട്ടം പെരുകിക്കൊണ്ടിരുന്നു. ദിവസങ്ങള്‍ കടന്നുപോയി. രാജാവ് വീട്ടുതടങ്കിലിലടക്കപ്പെട്ടവനെപ്പോലെ തീര്‍ത്തും ഒറ്റപ്പെട്ടു. കൊട്ടാരത്തിലെ ധാന്യശേഖരവും ഭക്ഷണപദാര്‍ത്ഥങ്ങളും കുറഞ്ഞുവന്നു. എങ്ങനെയെങ്കിലും കൊട്ടാരത്തിനു പുറത്തുവന്ന് രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുത്തില്ലെങ്കില്‍ താനും തന്റെ പരിവാരങ്ങളും പട്ടിണികിടന്ന് മരിക്കേണ്ടിവരുമെന്ന് രാജാവ് തിരിച്ചറിഞ്ഞു. എന്നാല്‍ രാജ്യം ഭാന്ത•ാരുടെ നിയന്ത്രണത്തിലാണ്. സൈന്യത്തെ തെരുവിലിറക്കാന്‍ പോലും രക്ഷയില്ല. ഒരു ഭ്രാന്തന് ഒരു കാലാള്‍പ്പടയെക്കാള്‍ നാശം വിതയ്ക്കാന്‍ കഴിയും. എന്താണ് ഒരു പോംവഴി? രാജ്ഞിയാണ് ഒരു വഴിവെട്ടിയത്. വഴിവെട്ടാന്‍ എന്നും സമര്‍ത്ഥര്‍ പെണ്ണുങ്ങളാണ്. മന്ത്രിയെ നാട്ടിലിറക്കണം. ഭ്രാന്തിന്റെ രഹസ്യം അദ്ദേഹം അറിഞ്ഞു വരട്ടെ. "എങ്ങനെ? അദ്ദേഹത്തെ കണ്ടാല്‍ അവര്‍ പിച്ചിച്ചീന്തില്ലേ?'' രാജാവിന് സംശയം. "അദ്ദേഹം നഗ്നനായി നാട്ടിലിറങ്ങട്ടെ. അപ്പോള്‍ ആള്‍ക്കൂട്ടം ഒന്നും ചെയ്യില്ല.'' ഒരു രാവിലെ നാട്ടിലിറങ്ങി മന്ത്രി ഉച്ചതിരിഞ്ഞ് കൊട്ടാരത്തില്‍ തിരിച്ചെത്തി. പൊതുകിണറ്റിലെ വെള്ളം കുടിക്കുമ്പോഴാണ് ആളുകള്‍ക്ക് ഭ്രാന്ത് കൂടുന്നതെന്ന് അദ്ദേഹം രാജാവിനെ ഉണര്‍ത്തി. രാജാവ് വീണ്ടും ചിന്താകുലനായി. രാജ്ഞിയാണ് അവസാന രക്ഷയും കണ്ടെത്തിയത്. മന്ത്രിപോയി ആ കിണറ്റില്‍ നിന്നു കുറച്ച് വെള്ളമെടുത്ത് വരട്ടെ. "എന്നിട്ട്?'' രാജാവ് ചോദിച്ചു. "അതൊക്കെ വഴിയുണ്ട്. ആദ്യം മന്ത്രി പറഞ്ഞതുപോലെ ചെയ്യട്ടെ...'' മന്ത്രി പൊതുകിണറ്റില്‍ നിന്ന് ഒരു കുടംവെള്ളവുമായി തിരിച്ചുവന്നു. രാജ്ഞി ആ വെള്ളവുമായി കൊട്ടാരത്തിലെ കിണറ്റിന്‍ കരയിലെത്തി. അരുതേ എന്നൊരു നിലവിളി രാജാവിന്റെ തൊണ്ടയില്‍ കുരുങ്ങി. അപ്പോഴേക്കും കുടത്തിലെ വെള്ളം രാജ്ഞി കിണറ്റിലേക്കൊഴിച്ചു. രാജാവ് സര്‍വവും തകര്‍ന്ന് നിലത്തിരുന്നു. സമയം കടന്നുപോകവെ രാജകൊട്ടാരത്തിലെ ഓരോരുത്തരായി കിണറ്റിലെ വെള്ളം കുടിച്ചു തുടങ്ങി. തൂപ്പുകാര്‍, തുടപ്പുകാര്‍, തോട്ടക്കാര്‍, മറ്റുപരിചാരകര്‍, സൈനികര്‍... കുടിച്ചവര്‍ കുടിച്ചവര്‍ ക്ഷണനേരം കൊണ്ട് ഉടുമുണ്ടഴിച്ച് ഉറഞ്ഞുതുള്ളി. അപ്പോഴും വസ്ത്രധാരികളായി നില്‍ക്കുന്ന രാജാവിനെയും രാജ്ഞിയെയും മന്ത്രിയെയും സൈന്യാധിപനെയും അവര്‍ കൂക്കിവിളിച്ചു. "ഇനി നിങ്ങള്‍ കൂടി കുടിക്കുക. പിന്നെ ഞാന്‍. അവസാനം തിരുമനസ്സ്... ഉം... വേഗമാവട്ടെ'' രാജ്ഞി കല്‍പിച്ചു. കേള്‍ക്കേണ്ട താമസം സൈന്യാധിപനും മന്ത്രിയും ദാഹിച്ചു വലഞ്ഞവരെപ്പോലെ പാനപാത്രം കുടിച്ചു തീര്‍ത്തു. ചിറി തുടച്ചതും രാജാവിനും രാജ്ഞിക്കും ഭ്രാന്താണെന്ന് അവര്‍ കൂവാന്‍ തുടങ്ങി. അപ്പോഴേക്കും രാജ്ഞി പാനപാത്രമെടുത്ത് ചുണ്ടോടടുപ്പിച്ചു. തട്ടിമാറ്റാന്‍ രാജാവിന്റെ കൈ നീണ്ടതാണ്. പക്ഷേ, ഒരു തളര്‍ച്ച. അവളും കുടിക്കട്ടെ. അവളായിട്ട് എന്തിന് മാറിനില്‍ക്കണം. ചുവന്നു തുടുത്ത അധരങ്ങളില്‍ ഭ്രാന്ത് പുലമ്പികൊണ്ട് രാജ്ഞി വസ്ത്രങ്ങള്‍ പറിച്ചെറിയുന്നത് രാജാവ് നിസ്സഹായനായി നോക്കി നിന്നു. പ്രജ്ഞയുടെ തരിമ്പുമാത്രം ബാക്കിയുണ്ടായിരുന്ന രാജ്ഞി ഭ്രാന്തിനിടയിലും പാനപാത്രമെടുത്ത് രാജാവിന് നീട്ടി. "കുടിക്കൂ... എന്നിട്ട് ഞങ്ങളുടെ രാജാവാകൂ..'' അവര്‍ അദ്ദേഹത്തെ പ്രലോഭിപ്പിച്ചു. രാജ്യമെന്ന പ്രലോഭനത്തിനും സ്വന്തം ആദര്‍ശത്തിനുമിടയില്‍ രാജാവിന്റെ കാലുകള്‍ വേച്ചു. വേച്ചു വേച്ച് അദ്ദേഹം ഒരടി മുന്നോട്ടു വച്ചു. പിന്നെ ജീവന്റെ സര്‍വശേഷിയും സംഭരിച്ച് മുന്നും പിന്നും നോക്കാതെ അയാള്‍ ഓടി. ഭ്രാന്ത•ാര്‍ രാജ്ഞിക്കു ചുറ്റും തടിച്ചുകൂടി. അവര്‍ അവളെ പൊക്കിയെടുത്ത് രാജകിരീടമണിയിച്ചു. ഞങ്ങളെ ഭരിക്കാന്‍ ഇനി അങ്ങുമതി. അവര്‍ രാജ്ഞിക്കു മുദ്രാവാക്യം മുഴക്കി. രാജ്യം നഷ്ടപ്പെട്ട രാജാവ് കൊട്ടാരവും തെരുവുകളും ഗ്രാമങ്ങളും കടന്ന് ഓടിക്കൊണ്ടേയിരുന്നു. പര്‍വതങ്ങളും സമതലങ്ങളും സമുദ്രങ്ങളും മരുഭൂമികളും മഹാഗര്‍ത്തങ്ങളും പിന്നിട്ട് അയാള്‍ കിതപ്പറിയാതെ കാലമറിയാതെ പാഞ്ഞു കൊണ്ടിരുന്നു. ചരിത്രം ഭ്രാന്ത് പിടിച്ച് അയാളുടെ പിന്നാലെ ആര്‍ത്തലച്ചു വന്നു. വര്‍ഗം ജാതി. മതം പലകാലങ്ങളില്‍ പലതരം ഭ്രാന്തുകള്‍ പിറകില്‍ മാറി മാറി സ്ഥാനം പിടിച്ചെങ്കിലും എല്ലാം ഒന്നിനൊന്ന് ശക്തമാണെന്ന് തിരിഞ്ഞു നോക്കാറില്ലെങ്കിലും അയാള്‍ അറിയുന്നുണ്ടായിരുന്നു. കാലം കറങ്ങി ക്കൊണ്ടിരുന്നു. ലോകം മുഖം മാറ്റിക്കൊണ്ടിരുന്നു. രാജാക്ക•ാര്‍ അപ്രത്യക്ഷരായി. വിപ്ളവം വിളഞ്ഞു. ജനായത്തം ജനിച്ചു. പക്ഷേ, ഭ്രാന്ത് മാത്രം ഭേദമായില്ല. രാജ്യമില്ലാത്ത രാജാവിന്, പണ്ടു പണ്ടു തുടങ്ങിയ ആ ഓട്ടം ഇന്നും അവസാനിപ്പിക്കാനായിട്ടില്ല. വര്‍ഗഭ്രാന്തുകള്‍ക്കു പിന്നാലെ ജാതിഭ്രാന്തു വന്നു. അതിന്നു പിന്നാലെ മതഭ്രാന്ത്. ഭാഷാ ഭ്രാന്ത് അത് പിന്‍വാങ്ങിത്തുടങ്ങുമ്പോളിതാ മറ്റൊരു ഭ്രാന്ത് രംഗപ്രവേശം ചെയ്തിരിക്കുന്നു. കടന്നുപോയ ഭ്രാന്തുകളെക്കാളെല്ലാം ഭീകരവും ഭയാനകവുമായ ഭ്രാന്ത്! പണഭ്രാന്ത്! എല്ലാ ഭ്രാന്തുകളുടെയും അടിസ്ഥാനം പൊതുകിണറ്റില്‍ കലക്കിയ വിഷമാണെന്നും ചോരയിലൂടെ, മുലപ്പാലിലൂടെ അത് തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയുമ്പോള്‍ രാജാവിന് എങ്ങനെ കിതപ്പൊതുക്കാനാവും. ഞാന്‍, എനിക്ക്, എന്റേത് എന്ന് പുലമ്പിക്കൊണ്ട് വിഴുങ്ങാനായി. വാപിളര്‍ന്ന് പിന്തുടരുന്ന ആള്‍ക്കൂട്ടത്തിന് പിടികൊടുക്കാതെ, ഭൂതവും വര്‍ത്തമാനവും ഭാവിയുമില്ലാതെ രാജ്യമില്ലാത്ത രാജാവ് ഓടുകയാണ്. *** ഭ്രാന്തില്ലാത്തവരുണ്ടോ? അനന്തമായ ഈ ഓട്ടത്തിനിടയിലും അങ്ങനെയൊരാളെ കണ്ടുമുട്ടാന്‍ ഞാന്‍ ദാഹിക്കുന്നു. ഒന്നിനുമല്ല; വെറുതെ മിണ്ടിപ്പറഞ്ഞിരിക്കാന്‍.