Wednesday, November 27, 2013

ജമാഅത്തെ ഇസ്‌ലാമി: ‘കോട്ടക്കല്‍ കഷായ’ത്തില്‍ നിന്ന് ‘കോഴിക്കോടന്‍ ബിരിയാണി’യില്‍ എത്തുമ്പോള്‍

ജമാഅത്തെ ഇസ്‌ലാമി: ‘കോട്ടക്കല്‍ കഷായ’ത്തില്‍ നിന്ന് ‘കോഴിക്കോടന്‍ ബിരിയാണി’യില്‍ എത്തുമ്പോള്‍

dddddddddddddddജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി, അതിന്റെ ആദ്യ രൂപമായ വികസന മുന്നണി എന്ന പേരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംസ്ഥാനവ്യാപകമായി മത്സരിച്ചപ്പോള്‍ പല വാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ട് മാത്രം ലഭിച്ച അനുഭവം പോലും ഉണ്ടായി. അതായത് സ്വന്തം ഭാര്യ/രക്ഷിതാക്കള്‍/ മക്കള്‍/സഹോദരീസഹോദരന്മാര്‍ എന്നിവരുടെ വോട്ട് പോലും ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍കൈയില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയില്ലെന്ന് സാരം. ജനസാമാന്യത്തിനിടയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനുള്ള ഈ സ്വാധീനത്തെ സി പി എമ്മും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മനസ്സിലാക്കുന്നില്ലെന്നാണ് ജമാഅത്ത് നേതാവ് ഒ അബ്ദുര്‍റഹ്മാന്റെയും പാര്‍ട്ടിയുടെയും പരാതി. ആ പരാതി പരിഹരിച്ചു കൊടുക്കാന്‍ മാത്രം വിശാലമായ രാഷ്ട്രീയ ബോധവും ജനാധിപത്യ ബോധവും ‘സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍’ക്ക് ഉടയതമ്പുരാന്‍ കനിഞ്ഞരുളി നല്‍കുമാറാകട്ടെ എന്നു നമുക്ക് 
പ്രാര്‍ഥിക്കാം.
‘പൊതു തിരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുതിയ തന്ത്രങ്ങളും അടവുനയങ്ങളുമായി വരുന്നതില്‍ പുതുമയോ അത്ഭുതമോ ഇല്ല. എങ്ങനെയും നാല് വോട്ട് കൂടുതല്‍ നേടുക, ഇല്ലെങ്കില്‍ കിട്ടിയ വോട്ടുകള്‍ നഷ്ടപ്പെടാതെ നോക്കുക എന്ന ഏക ഇന അജന്‍ഡയേ ഇത്തരം അടവുകള്‍ക്കും തന്ത്രങ്ങള്‍ക്കും പിന്നിലുള്ളൂ’ എന്ന് പറഞ്ഞുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ഒ അബ്ദുര്‍റഹ്മാന്‍ ‘എ ആര്‍’ എന്ന പേരില്‍ ‘ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കാന്‍ പിണറായി വിജയന്‍’ എന്ന തലക്കെട്ടിട്ട ലേഖനം (മാധ്യമം 2013 ഒക്‌ടോബര്‍ 10) എഴുതിത്തുടങ്ങുന്നതു തന്നെ. അബ്ദുര്‍റഹ്മാന്റെ ലേഖനത്തിനും ഏറ്റവും നന്നായി ചേരുന്ന വിശേഷണവും ഇതു തന്നെ. അതായത് പൊതുതിരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ ഒരു വാര്‍ഡില്‍ പോലും വിജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ശക്തിയില്ലാത്ത ഒരു മുസ്‌ലിം സംഘടനയുടെ അടവും തന്ത്രവുമായേ അബ്ദുര്‍റഹ്മാന്റെ ലേഖനത്തെയും കാണേണ്ടതുള്ളൂ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നേയും തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും അബ്ദുര്‍റഹ്മാന്‍ എഴുതിയ ലേഖനങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചുനോക്കിയാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഈ അടവും തന്ത്രവും എളുപ്പത്തില്‍ മനസ്സിലാകും. രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം നാല് വോട്ട് അധികം കിട്ടാനോ അല്ലെങ്കില്‍ കിട്ടിയ വോട്ട് നഷ്ടപ്പെടാതിരിക്കാനോ ആണെങ്കില്‍, ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമം ഇല്ലാത്ത വോട്ടും സ്വാധീനവും ഉണ്ടെന്ന് കാണിക്കാനാണെന്ന വ്യത്യാസം മാത്രമേയുള്ളൂ.
ജമാഅത്തെ ഇസ്‌ലാമിയുടെ ആ തന്ത്രം സി പി എം പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും പിണറായി വിജയനും തിരിച്ചറിഞ്ഞതിലുള്ള ജാള്യമാണ് അബ്ദുര്‍റഹ്മാന്റെ ലേഖനത്തില്‍ മുഴുവന്‍ പരന്നൊഴുകുന്നത്. ആ വേദന ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. അതേസമയം, ജമാഅത്തെ ഇസ്‌ലാമിയെ പിണറായി വിജയന്‍ വിമര്‍ശിച്ചത്, ‘സെക്കുലര്‍ സുന്നികളെ’ അത് സുഖിപ്പിക്കും എന്ന കണക്കുകൂട്ടലില്‍ മാത്രമല്ല, മറിച്ച് വെല്‍ഫയര്‍ പാര്‍ട്ടി നിലവില്‍ വന്നതോടെ ജമാഅത്തിന്റെ വോട്ടും പിന്തുണയും ഇനി ഇടതുപക്ഷത്തിന് ലഭിക്കുകയില്ല എന്ന തിരിച്ചറിവാണ് പിണറായി വിജയനെ കൊണ്ട് ജമാഅത്തിനെതിരെ പറയിപ്പിക്കുന്നത് എന്ന് പറയാന്‍ ഒ അബ്ദുര്‍റഹ്മാനോളം തന്നെ തൊലിക്കട്ടിയും ജമാഅത്തെ ഇസ്‌ലാമിയോളം രാഷ്ട്രീയ ബോധവും വേണം. കാരണം, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി, അതിന്റെ ആദ്യ രൂപമായ വികസന മുന്നണി എന്ന പേരില്‍ സംസ്ഥാനവ്യാപകമായി മത്സരിക്കുയുണ്ടായി. പല വാര്‍ഡുകളിലും മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ട് മാത്രം ലഭിച്ച അനുഭവം പോലും അന്ന് ജമാഅത്തെ ഇസ്‌ലാമിക്കുണ്ടായി. അതായത് സ്വന്തം ഭാര്യ/രക്ഷിതാക്കള്‍/ മക്കള്‍/സഹോദരീസഹോദരന്മാര്‍ എന്നിവരുടെ വോട്ട് പോലും ജമാത്തെ ഇസ്‌ലാമിയുടെ മുന്‍കൈയില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയില്ലെന്ന് സാരം. ജനസാമാന്യത്തിനിടയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനുള്ള ഈ സ്വാധീനത്തെ സി പി എമ്മും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മനസ്സിലാക്കുന്നില്ലെന്നാണ് അബ്ദുര്‍റഹ്മാന്റെയും പാര്‍ട്ടിയുടെയും പരാതി. ആ പരാതി പരിഹരിച്ചു കൊടുക്കാന്‍ മാത്രം വിശാലമായ രാഷ്ട്രീയ ബോധവും ജനാധിപത്യ ബോധ്യവും വോട്ടില്‍ കണ്ണും നട്ടിരിക്കുന്ന എ ആറിന്റെ ഭാഷയിലുള്ള സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉടയതമ്പുരാന്‍ കനിഞ്ഞരുളി നല്‍കുമാറാകട്ടെ എന്നു നമുക്ക് പ്രാര്‍ഥിച്ചു കൊടുക്കാം.
ലേഖനം തുടങ്ങുന്നത്, കണ്ണൂരില്‍ സി പി എം സംഘടിപ്പിച്ച മുസ്‌ലിംകളും ഇടതുപക്ഷവും സെമിനാറൊക്കെ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രങ്ങളാണ് എന്ന മട്ടിലാണെങ്കിലും അവസാനിക്കുമ്പോഴേക്കും അബ്ദുര്‍റഹ്മാന്റെ പരാതി ആ തന്ത്രത്തില്‍ പങ്കാളികളാകാന്‍ തങ്ങളെ ക്ഷണിച്ചില്ലല്ലോ എന്നതാണ്. അതിനേക്കാള്‍ അബ്ദുര്‍റഹ്മാനെയും സംഘത്തെയും അസ്വസ്ഥമാക്കുന്നത് അതിലേക്ക് മുസ്‌ലിം സമുദായത്തിലെ ‘സംഘടിത മതപുരോഹിത കൂട്ടായ്മയെ പ്രതിനിധാനം ചെയ്യുന്ന ചരിത്ര പണ്ഡിതനെ’ ക്ഷണിച്ചതാണ്. ആ ചരിത്ര പണ്ഡിതന്‍ വളര്‍ന്നുവന്ന യാഥാസ്ഥിതിക വിഭാഗവുമായെങ്ങാനും പിണറായി വിജയന്‍ കരാറില്‍ ഏര്‍പ്പെട്ടുകളയുമോ എന്നാണ് ടിയാന്റെ പേടി. ‘ഏത് അടുപ്പില്‍ വേവേണ്ട അയക്കൂറയാണ്, കണ്ടില്ലേ ഒരു പോര്‍ട്ടര്‍ വാങ്ങിക്കൊണ്ടുപോകുന്നത്?’ എന്ന് വൈകുന്നേരം പണി കഴിഞ്ഞ് അയക്കൂറയും വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ചുമട്ടുതൊഴിലാളിയെ നോക്കി നാട്ടിലെ ചില പ്രമാണിമാര്‍ കളിയാക്കി പറഞ്ഞതായി ഒരു കഥ കേട്ടിട്ടുണ്ട്. ഗ്രൂപ്പ് എഡിറ്റര്‍മാരും എക്‌സിക്യൂട്ടീവ് എഡിറ്റര്‍മാരും ഉള്ളപ്പോള്‍ വഅളും പറഞ്ഞ് നടക്കുന്ന മുസ്‌ലിയാക്കന്മാരെയാണോ സെമിനാറിന് പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിക്കേണ്ടത്? സാംസ്‌കാരിക കേരളത്തിനെന്ത് സംഭവിച്ചു?
അങ്ങനെ മുസ്‌ലിയാക്കന്മാര്‍ അയക്കൂറയും വാങ്ങി പോകാന്‍ തുടങ്ങിയത് കൊണ്ടാണ് ഒ അബ്ദുര്‍റഹ്മാന്‍ സി ബി ഐ കുഴിച്ചുമടുത്ത ചുവന്ന കുന്നിലേക്ക് വീണ്ടും ജെ സി ബിയും ഓടിച്ചുകയറി നോക്കിയതും പ്രവാചകരുടെ തിരുകേശം കാണാന്‍ വീണ്ടും വരി നിന്നുനോക്കിയതും. പക്ഷേ, എന്തു ചെയ്യാന്‍? ‘കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ കാണുമ്പോഴേക്കും സി പി എമ്മിന്റെ പുരോഗമന വീക്ഷണവും സെക്കുലര്‍ പരിഗണനയുമെല്ലാം അലിഞ്ഞില്ലാതാകുന്ന കാഴ്ചയാണ്’ സാഹിബിന് എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും കാണാനാകുന്നത്. ‘സി പി എമ്മിന്റെ പുരോഗമന വീക്ഷണവും സെക്കുലര്‍ പരിഗണനയും’ എന്നൊക്കെ പറയുന്നത് തൊട്ടടുത്ത റൂമിലിരിക്കുന്ന വേളത്തുകാര്‍ കേള്‍ക്കണ്ട. പിന്നെ, സി പി എമ്മിന്റെ സെമിനാറിന് പിണറായി വിജയനല്ല, യുവാക്കളുടെ ‘പാട്ടും കൂത്താട്ടത്തിനും’ കൂട്ടില്‍ മുഹമ്മദലി പോലും ക്ഷണിക്കാത്ത സ്ഥിതിയിലാകും.
കണ്ണൂരില്‍ സി പി എം രക്ഷാകര്‍തൃത്വത്തിലുള്ള സംഘടനകള്‍ ചേര്‍ന്ന് നടത്തിയ സെമിനാറില്‍ പിണറായി വിജയന്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ നവോത്ഥാന നായകരെ എണ്ണിയ കൂട്ടത്തില്‍ ‘ഞങ്ങള്‍ക്കൊന്നും അറിയാത്ത തങ്ങന്മാരെയാണ് എണ്ണിയതെ’ന്നും എം ഇ എസ്സിനെയും മുജാഹിദുകളെയും മൗദൂദികളെയും എന്തുകൊണ്ടാണ് പരാമര്‍ശിക്കാതിരുന്നതെന്നും എം ഇ ഇസ് പ്രസിഡന്റ് ഫസല്‍ ഗഫൂറും ചാനല്‍ ചര്‍ച്ചകളില്‍ പരിതപിക്കുന്നത് കേട്ടു. ചരിത്രം എന്നത് മാവിലായിയിലെ മാവിന്‍ ചോട്ടിലെ തണലല്ലെന്നും മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹപ്രായമുറപ്പിക്കാന്‍ യോഗം ചേര്‍ന്ന കോഴിക്കോട് ഹൈസണ്‍ ഹോട്ടലും കടന്നു വേണം എ കെ ജി സെന്ററില്‍ നിന്ന് കണ്ണൂരിലേക്കെത്താന്‍ എന്നും പിണറായി വിജയന് അറിയാവുന്നത് ഒരു കുറ്റമായി കരുതാന്‍ മുസ്‌ലിം വ്യക്തിനിയമത്തില്‍ പഴുതുകളൊന്നും ഇല്ലല്ലോ?
ഒ അബ്ദുര്‍റഹ്മാന്റെ ലേഖനം വായിച്ചാല്‍ വായനക്കാര്‍ക്ക് ബോധ്യമാകുന്ന മറ്റൊരു കാര്യം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്ന വന്‍ മുന്നേറ്റത്തെക്കുറിച്ചാണ്. കോണ്‍ഗ്രസിനെയോ ബി ജെ പിയേയോ പോലെ വെല്‍ഫെയര്‍ പാര്‍ട്ടി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല എന്നേ ഉള്ളൂ. പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും ടി ആരിഫലി പ്രധാനമന്ത്രി പദവിയും ഒ അബ്ദുര്‍ഹ്മാന്‍ ആഭ്യന്തര വകുപ്പും ശൈഖ് മുഹമ്മദ് കാരക്കുന്ന് സാംസ്‌കാരിക വകുപ്പും നെയ്യാറ്റിങ്കര ശ്രീജ വനിതാ ക്ഷേമ വകുപ്പും സി ദാവൂദ് യുവജന ക്ഷേമ സ്‌പോര്‍ട്‌സ് കാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിസഭ നിലവില്‍ വരുമെന്നും പി എം എ ഹനീഫ് കേന്ദ്ര സംഗീത നാടക അക്കാദമി ചെയര്‍മാനും പ്രൊഫ. പി കോയ പ്രതിപക്ഷ നേതാവും ആയിരിക്കും എന്ന കാര്യത്തില്‍ ഒ അബ്ദുര്‍റഹ്മാന് യാതൊരു സംശയവുമില്ല. അത്രക്ക് ജനപിന്തുണയുള്ള പ്രസ്ഥാനമായി വെല്‍ഫയര്‍ പാര്‍ട്ടി മാറിക്കഴിഞ്ഞതിലുള്ള അസൂയയാണ് പിണറായി വിജയനെക്കൊണ്ട് ജമാഅത്തെ ഇസ്‌ലാമിയുടെ അടിയാധാരം പരതിപ്പിക്കുന്നത് എന്നാണ് നമ്മുടെ പ്രതിശ്രുത കാബിനറ്റ് മന്ത്രിയുടെ പരാതിയുടെ കാതല്‍. ഒരു പ്രസ്ഥാനം വളരാനും പന്തലിക്കാനും തീരുമാനിച്ചാല്‍ പൊതുജനം എന്തു ചെയ്യാനാണ്? അതില്‍ പിണറായി വിജയന്‍ അസൂയപ്പെട്ടിട്ട് എന്ത് കാര്യം?
ഏതാണ്ട് ഇതിന് സമാനമായ ഒരു ലേഖനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ഇതേ അബ്ദുര്‍റഹ്മാന്‍ എഴുതിയിരുന്നു. അതില്‍ മുസ്‌ലിം ലീഗിന്റെ വിജയകാരണങ്ങള്‍ വിലയിരുത്തുമ്പോള്‍ ബോധപൂര്‍വം വളച്ചൊടിക്കുകയോ തമസ്‌കരിക്കുകയോ ചെയ്യുന്ന കാര്യങ്ങള്‍ എന്നു പറഞ്ഞുകൊണ്ട് ചില ഘടകങ്ങളെ എ ആര്‍ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ വട്ടപ്പൂജ്യമെന്ന് തെളിഞ്ഞ കടുത്ത യാഥാസ്ഥിതികരായ ജമാഅത്തെ ഇസ്‌ലാമി പിന്തുണ പ്രഖ്യാപിച്ചതു കാരണം കുറച്ചു വോട്ടുകള്‍ കിട്ടിയെങ്കിലും മറ്റിടങ്ങളില്‍ ഒട്ടേറെ വോട്ടുകള്‍ അത് നഷ്ടപ്പെടുത്തി എന്ന സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി എം ഉമ്മര്‍ മാസ്റ്ററുടെയും കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെയും പ്രസ്താവനകളെ ബോധപൂര്‍വം തമസ്‌കരിച്ചാണ് ഒ അബ്ദുര്‍റഹ്മാന്റെ ആ വിശകലനം മുന്നേറുന്നത്. ‘ബംഗാളില്‍ മുസ്‌ലിംകള്‍ കൈവിട്ടു, കേരളത്തില്‍ പിന്തുണച്ചു’ എന്ന് പ്രകാശ് കാരാട്ട് പറഞ്ഞതായി മാധ്യമത്തില്‍(മാത്രം) വന്ന ഒരു വാര്‍ത്തയെ ആധാരമാക്കി കേരളത്തില്‍ സി പി എമ്മിനെ പിന്തുണച്ച ആ മുസ്‌ലിംകള്‍ ജമാഅത്തെ ഇസ്‌ലാമിക്കാരാണെന്ന് പറയുകയാണ് ലേഖനത്തില്‍ എ ആര്‍. പിന്തിരിപ്പന്‍ യാഥാസ്ഥിതിക മത പണ്ഡിത സംഘടനകളെ കൂടെക്കൂട്ടിയും എ പി സുന്നികളെ കൂടെ പിടിച്ചുനിര്‍ത്തിയും ആണ് ലീഗ് നേട്ടം കൊയ്തത് എന്നാണ് അതില്‍ യു ഡി എഫിന്റെ വിജയത്തെ എ ആര്‍ വിശദീകരിക്കുന്നത്. അങ്ങനെ മുസ്‌ലിം സംഘടനകളെ ചേര്‍ത്തി നിര്‍ത്തിയത് കാരണം ലീഗിന്റെ പുരോഗമന പ്രതിച്ഛായയും മതേതര മുഖവും നഷ്ടമായെന്നും പൊതുസമൂഹത്തില്‍ ലീഗ് പരിഹാസ്യമായിത്തീര്‍ന്നെന്നും ആ ലേഖനത്തിന്റെ അവസാന ഭാഗത്ത് ഒ അബ്ദുര്‍റഹ്മാന്‍ എഴുതുന്നു. മുസ്‌ലിം ലീഗിന് ഏറ്റവും ഭൂരിപക്ഷം കുറഞ്ഞത് ജമാഅത്ത് വിമര്‍ശകരായ കെ എം ഷാജിയുടെയും എം കെ മുനീറിന്റെയും മണ്ഡലങ്ങളിലാണെന്നും അദ്ദേഹം തുടരുന്നു.
2013ല്‍ അടുത്തൊരു ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ, എ ആര്‍ പഴയ സിദ്ധാന്തങ്ങള്‍ എല്ലാം ചാടിക്കടന്നു. മുസ്‌ലിം ലീഗ് ജയിച്ചത് സി പി എമ്മിന്റെ ജമാഅത്ത് വിമര്‍ശനം കൊണ്ടാണ് എന്നായി പുതിയ മദ്ഹബ്. ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ഭൂരിപക്ഷം കൂടാനും ലീഗ് ജയിക്കാതിരിക്കാനും ലീഗും സി പി എമ്മും ജമാഅത്ത് വിമര്‍ശം നിര്‍ത്തിക്കൊള്ളണമെന്നാണ് ജമാഅത്ത് നേതാവിന്റെ കട്ടായം. ലീഗ് ജയിക്കാനും സി പി എം തോല്‍ക്കാതിരിക്കാനും ജമാഅത്തെ ഇസ്‌ലാമിക്ക് നല്‍കാനുള്ളത് ഈ ഒരേ മരുന്നാണ്. ഈ പ്രസ്ഥാനത്തിന്റെ ഭാഗ്യം ഒന്ന് ആലോചിച്ച് നോക്കിയേ! കേരള രാഷ്ട്രീയം ഇപ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്നത് തന്നെ ഈ പ്രസ്ഥാനത്തിന്റെ നടുമുറ്റത്താണല്ലോ. അങ്ങനെയൊരു ഭാഗ്യം ലഭിച്ച മറ്റേതൊരു മതസംഘടനയുണ്ട് കേരളത്തില്‍? ഈ സ്ഥിതി തുടരുകയാണെങ്കില്‍ എന്‍ എസ് എസ് ആസ്ഥാനം ചങ്ങനാശ്ശേരിയില്‍ നിന്ന് ഉടനെ ചേന്നമംഗലൂരിലേക്ക് മാറ്റേണ്ടിവരും. അറിയാഞ്ഞിട്ട് ചോദിക്കുകയാണ്, ഈ അവസ്ഥക്കാണോ നമ്മുടെ സൈദ്ധാന്തികര്‍ ഹുകൂമത്തെ ഇലാഹി എന്ന് പറയുന്നത്?
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വിധ പ്രാദേശിക, ദേശീയ പ്രശ്‌നങ്ങളും അവഗണിച്ചുകൊണ്ട് പിണറായി വിജയന്‍ മഅ്ദനിയോട് വേദി പങ്കിട്ടതായിരുന്നല്ലോ കേരളത്തില്‍ തിരഞ്ഞെടുപ്പിന്റെ ഗതി തന്നെ നിശ്ചയിച്ച ഘടകം എന്നും ആ ലേഖനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു നിര്‍ണായക സന്ദര്‍ഭത്തില്‍ എ ആറിന്റെ പാര്‍ട്ടി പൊന്നാനിയില്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നു? ഏത് വേട്ടക്കാരന്റെ ഭാഷയായിരുന്നു പൊന്നാനിയില്‍ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ചത്? എന്നൊന്നും എ ആര്‍ സൗകര്യപൂര്‍വം പറയുന്നില്ല. കാരണം, അതൊക്കെ പറഞ്ഞാല്‍ തങ്ങളുടെ അസ്തിത്വ ദുഃഖത്തിന്റെ ശരിയായ പേര് മാലോകര്‍ക്ക് പിടികിട്ടിപ്പോകും. ഒരു ‘സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനം’ കാന്തപുരംവിരുദ്ധ മുന്നണിയായി വളര്‍ന്നുപന്തലിക്കുന്നത് ഒരു കുറച്ചിലല്ലേ?
ഒ അബ്ദുര്‍റഹ്മാന്റെ 2011ലെയും 13ലെയും ലേഖനങ്ങള്‍ക്കിടയില്‍ ഉണ്ടായ പ്രധാനപ്പെട്ട ഒരു മാറ്റം ലീഗിന്റെ ‘കോട്ടക്കല്‍ കഷായ’ത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയ ജമാഅത്തെ ഇസ്‌ലാമിയെ കോഴിക്കോട്ടെ ‘വ്യക്തിനിയമ ബിരിയാണി’യില്‍ കൂട്ടുകൂട്ടി എന്നതാണ്. ജമാഅത്തെ ഇസ്‌ലാമി നേതൃത്വം ഈ കാര്യങ്ങള്‍ ഇപ്പോള്‍ അത്ര കണ്ട് ഇഷ്ടപ്പെടില്ല എന്നറിയാം. അതുകൊണ്ടാണ് മുസ്‌ലിം സമുദായത്തിനകത്തെ തീവ്രവാദ പ്രവണതകള്‍ക്കെതിരെ രൂപം കൊണ്ട കൂട്ടായ്മയെ ‘കോട്ടക്കല്‍ കഷായം’ എന്ന് പരിഹസിച്ചയാള്‍ മുസ്‌ലിംകളെ അപഹാസ്യരാക്കിയ കോഴിക്കോട്ടെ കൂട്ടായ്മയെക്കുറിച്ച് ‘കോഴിക്കോടന്‍ ബിരിയാണി’യെന്ന് ലേഖനം എഴുതാത്തത്. ‘ഞങ്ങളുടെ ശക്തിയും സ്വാധീനവും പരിഗണിച്ച് ഞങ്ങളെ കൂടെ കൂട്ടിയാല്‍ തീരുന്നതാണ് ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും’ എന്ന് സാരം.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരു സത്യം സി പി എം സെക്രട്ടറിയെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ലേഖനം അവസാനിപ്പിക്കുന്നത്. ആ സത്യത്തെ അബ്ദുര്‍ഹ്മാന്‍ ഏതാണ്ട് ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്: ‘കഴിഞ്ഞ പഞ്ചായത്ത്, നഗരസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അനവസരത്തിലും അകാരണമായും സി പി എം സെക്രട്ടറിയും പാര്‍ട്ടി വക്താക്കളും ജിഹ്വകളും ജമാഅത്തെ ഇസ്‌ലാമിക്കെതിരെ അഴിച്ചുവിട്ട ദുഷ്പ്രചാരണ കോലാഹലം വലുതായി ഗുണം ചെയ്തത് ‘ധനികരുടെ പാര്‍ട്ടിയെന്നും തീവ്രവര്‍ഗീയ ശക്തികളോട് സന്ധി ചെയ്തവരെന്നും’ പിണറായി കുറ്റപ്പെടുത്തുന്ന മുസ്‌ലിം ലീഗിനാണ്.’ ലേഖനത്തിന്റെ മര്‍മോദ്ദേശ്യം എന്താണെന്ന് ഈ മഹാ സത്യത്തില്‍ നിന്ന് വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ. ഇസ്‌ലാമിലെ ഇടതുപക്ഷം തങ്ങളാണെന്നും സി പി എം സമുദായവുമായി അടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് മുസ്‌ലിം സമുദായത്തിലെ സംഘടിത മതപുരോഹിത കൂട്ടായ്മയെ പരമാവധി സുഖിപ്പിച്ചുകൊണ്ടോ അത്തരം ഒരു കൂട്ടായ്മയെ പ്രതിനിധാനം ചെയ്യുന്ന ചരിത്ര പണ്ഡിതന്റെ പുസ്തകം ചര്‍ച്ചക്കെടുത്തുകൊണ്ടോ ആകരുതെന്നും ഇസ്‌ലാമുമായും മുസ്‌ലിംകളുമായും സംവദിക്കാന്‍ പിണറായി വിജയന്‍ ചേന്നമംഗല്ലൂര്‍ വഴി തന്നെ കോഴിക്കോട്ടെത്തണം എന്നും ഐ പി എച്ച് സാഹിത്യങ്ങള്‍ തന്നെ വായിക്കണം എന്നുമാണ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ മദ്ഹബ്.
ഏതാണ്ട് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് കഴിഞ്ഞ ദിവസം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പേരില്‍ ജമാഅത്ത് പ്രസിദ്ധീകരണമായ മാധ്യമം പത്രത്തിലും മീഡിയ വണ്‍ ചാനലിലും വന്ന തെറ്റായ വാര്‍ത്തയും. കേരള ശബ്ദത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞതായി അച്ചടിച്ചുവന്ന അഭിമുഖത്തെ തെറ്റായി ഉദ്ധരിച്ചുകൊണ്ട് ജമാഅത്ത് മാധ്യമങ്ങള്‍ പറഞ്ഞത് ‘കാന്തപുരം നരേന്ദ്ര മോഡിയെ പിന്തുണക്കുന്നു’ എന്നാണ്. ഇന്ത്യയിലെ വലതുപക്ഷ ഹൈന്ദവ തീവ്രവാദത്തെക്കുറിച്ച് കാന്തപുരത്തിന്റെയോ അദ്ദേഹം നയിക്കുന്ന സംഘടനകളുടെയോ പ്രസിദ്ധീകരണങ്ങളുടെയോ നയനിലപാടുകള്‍ എന്താണെന്ന് സാമാന്യ ധാരണയുള്ള ഒരു എസ് ഐ ഒക്കാരന്‍ പോലും പറയാത്ത ആരോപണങ്ങളാണ്, മോഡിയുടെ മുഴു പേജ് പരസ്യം കൊടുക്കാന്‍ പേജ് സെറ്റ് ചെയ്തുവെക്കുകയും ഒടുവില്‍ അര്‍ധരാത്രി വെള്ളിമാട് കുന്നിലെ മാധ്യമം ഓഫീസിലെ രണ്ട് സബ് എഡിറ്റര്‍മാരുടെ കുത്തിയിരിപ്പ് സമരം കാരണം പിന്‍വലിക്കുകയും ചെയ്യേണ്ടിവന്ന, മോഡിയുടെ രാഷ്ട്രീയ ഗുരു ബാല്‍ താക്കറെ മരിച്ചപ്പോള്‍ ബാല്‍ താക്കറെ ‘സൗഹൃദപ്രിയന്‍’ എന്ന് ലേഖനം എഴുതിയ മാധ്യമം പത്രവും സഹോദര സ്ഥാപനവും കാന്തപുരത്തിന് നേരെ ഉന്നയിച്ചിരിക്കുന്നത്. തെറ്റായ വാര്‍ത്ത കൊടുത്തതിന് പിന്നില്‍ ജമാഅത്തിനെ അസ്വസ്ഥമാക്കുന്ന വസ്തുത എന്താണെന്ന് ‘സമുദായവുമായി അടുക്കാന്‍ സി പി എം കേരളത്തിലെ മുസ്‌ലിം കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ത്ത പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ നിലപാട് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്’ എന്ന് ജമാഅത്ത് പ്രവര്‍ത്തകന്‍ കൂടിയായ നജാതുല്ല എന്ന റിപ്പോര്‍ട്ടര്‍ നേരെ ചൊവ്വേ പറഞ്ഞതില്‍ നിന്നും മനസ്സിലാക്കിയെടുക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതി.
അസ്ഥാനത്തും അകാരണമായും ജമാഅത്തിനെ വിമര്‍ശിച്ചുകൊണ്ട് ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കാനാണ് പിണറായി വിജയന്റെ പുറപ്പാടെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നേരില്‍ കാണാം എന്ന ഭീഷണിയോടെയാണ് അബ്ദുര്‍റഹ്മാന്റെ ലേഖനം അവസാനിക്കുന്നത്. ഇത് വായിച്ചപ്പോള്‍ തോന്നിയത്, പണ്ട് തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന എക്‌സ്പ്രസ് പത്രത്തിലെ ഒരു എഡിറ്റോറിയലാണ്. അമേരിക്കയുടെ തെറ്റായ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ടെഴുതിയ ആ എഡിറ്റോറിയല്‍ അവസാനിക്കുന്നതിങ്ങനെയാണ്: ഇനിയും തെറ്റായ നയനിലപാടുകള്‍ തുടരാനാണ് അമേരിക്കയുടെ ഭാവമെങ്കില്‍ ഞങ്ങള്‍ക്ക് അമേരിക്കയെ ശക്തമായി അപലപിക്കേണ്ടിവരും.!! ഏതാണ്ട് ആ അപലപിക്കലിനോളം വരും ഗ്രൂപ്പ് എഡിറ്ററുടെ ഭീഷണി.

സിറാജില്‍ പ്രസിദ്ധീകരിച്ചത് 

സാംസ്‌കാരിക തകര്‍ച്ച ചേളാരി സമസ്തയുടെ മറവിലോ?

സാംസ്‌കാരിക തകര്‍ച്ച ചേളാരി സമസ്തയുടെ മറവിലോ?

കേരളത്തില്‍ മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരിക പരിസരം പൂര്‍ണമായും തൃപ്തികരമാണോ? അതി ക്രൂരമായ ധാരാളം ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ മുസ്‌ലിം പേരുകാരില്‍ നിന്ന് ഉണ്ടാകുന്നതായി വാര്‍ത്തകള്‍ വരുന്നു. വിശുദ്ധ റമസാനിലാണ് രണ്ട് കുട്ടികളെയും ഭാര്യയെയും ക്രൂരമായി ഒരാള്‍ കൊന്നുകളഞ്ഞത്. കളിക്കളത്തിലെ നിസ്സാര തര്‍ക്കം രണ്ടാളുകളുടെ വധത്തില്‍ കലാശിച്ചു കുറച്ചുമുമ്പ്. പിഞ്ചുകുട്ടികള്‍ പോലും പീഡനങ്ങള്‍ക്ക് വിധേയരാകുന്നു. വാര്‍ത്തകളില്‍ പ്രധാന്യം നേടുന്ന ഇത്തരം സംഭവങ്ങള്‍ക്ക് പുറമെ വാര്‍ത്തക്ക് വിധേയമാകാതെ പോകുന്ന നിത്യ സംഭവങ്ങളും നിസ്സാരമായി മാറിക്കഴിഞ്ഞ അനേകം കാര്യങ്ങളുമുണ്ട്. കല്യാണം, ആഘോഷം തുടങ്ങിയ വേളകളില്‍ സമുദായത്തെ ‘സഹിക്കേണ്ടി വരുന്ന’ ദുരവസ്ഥ നിലനില്‍ക്കുന്നു. ലഹരി ഉപയോഗവും ലൈംഗിക ചൂഷണവും സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക അതിക്രമങ്ങളും വര്‍ധിച്ചു വരുന്നു.
താജുല്‍ ഉലമയുടെയും കാന്തപുരം ഉസ്താദിന്റെയും നേതൃത്വത്തിലുള്ള സുന്നീ പ്രസ്ഥാനം ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കാലികവും ശാസ്ത്രീയവുമായ ധാരാളം സംരംഭങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കേരള യാത്രയുള്‍പ്പെടെ സാമൂഹിക ശ്രദ്ധയാകര്‍ഷിച്ച വിവിധ പരിപാടികള്‍ നടന്നുകഴിഞ്ഞു. എന്നാല്‍ വലിയൊരു വിഭാഗത്തെ ഗുണപരമായി സ്വാധീനിച്ച ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും സ്വാധീനത്തിന്റെ വൈപുല്യം കുറക്കാനും ഇവിടെ ബോധപൂര്‍വം ശ്രമം നടക്കുന്നു. ഈ നിഷേധാത്മക സമീപനം മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരികരംഗത്തെ ദോഷകരമായി ബാധിക്കുന്നു.
സമസ്ത (ചേളാരി)യുടെ പേരില്‍ നിരവധി വര്‍ഷമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടും. പണ്ഡിത നേതൃത്വത്തെ തടസ്സപ്പെടുത്തുക മാത്രമല്ല സമൂഹത്തില്‍ ക്രിമിനലിസത്തിന്റെ മാനസിക പശ്ചാത്തലം സൃഷ്ടിച്ചെടുക്കുക കൂടിയാണ് ഇപ്പോള്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മഹല്ലുകളില്‍ ഈ സംഘടനക്ക് അവര്‍ അവകാശപ്പെടുന്ന സ്വാധീനമില്ലെങ്കിലും കോലാഹലങ്ങള്‍ സൃഷ്ടിച്ച് സമുദായത്തിന്റെ നന്മയെ തടയാനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ചിലപ്പോഴൊക്കെ അവര്‍ക്ക് കഴിയുന്നുണ്ട്.
അവര്‍ സാമുദായിക രംഗത്ത് കലഹങ്ങളും ബഹളങ്ങളും മാത്രമായി പ്രവര്‍ത്തിക്കുന്നു. കാന്തപുരം വിരോധം എന്ന അജന്‍ഡ മാത്രമാണ് ഈ കാലയളവില്‍ അവര്‍ പ്രാവര്‍ത്തികമാക്കിയത്. അരീക്കാട് പള്ളി പ്രശ്‌നം മുതല്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ വരെ അതിന്റെ ഭാഗമാണെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. മര്‍ഹൂം ഇ കെ ഉസ്താദും കണ്ണിയത്തുസ്താദും നേരില്‍ ഇടപെട്ട വിഷയമാണ് അരീക്കാട് പള്ളി പ്രശ്‌നം. ഇ കെ ഉസ്താദും കണ്ണിയത്തുസ്താദും സമസ്ത മുശാവറ ചേര്‍ന്ന് കാന്തപുരം ഉസ്താദിന്റെ വിശ്വസ്തത അന്ന് പ്രഖ്യാപിച്ചിരുന്നു. ഇ കെ ഉസ്താദിന്റെയും കണ്ണിയത്തുസ്താദിന്റെയും അനുയായികള്‍ എന്ന് അവകാശപ്പെടുന്നവര്‍ പഴയ ഈ ആരോപണം പോലും ആവര്‍ത്തിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്നു.
കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ ജനാസ സന്ദര്‍ശിക്കാന്‍ പോയ കാന്തപുരം ഉസ്താദിനെ ചേളാരി വിഭാഗം അവഹേളിച്ചതും കൂക്കി വിളിച്ചതും അക്രമിക്കാന്‍ ശ്രമിച്ചതും കുറച്ചുമുമ്പ് വാര്‍ത്തയായിരുന്നു. ഈ സംഭവത്തെ ചേളാരി നേതൃത്വം പരസ്യമായി അപലപിക്കുകയോ ചെയ്യരുതെന്ന് ഉപദേശിക്കുകയോ ഉണ്ടായില്ല. കണ്ണിയത്ത് ഉസ്താദിന്റെ മഖ്ബറക്കരികില്‍ കുഴപ്പം സൃഷ്ടിച്ച് ഉസ്താദിന്റെ മകന്റെ നേതൃത്വത്തില്‍ നടക്കുന്ന സിയാറത്തിനെയും സല്‍ക്കര്‍മങ്ങളെയും കായികമായി നേരിട്ടുവെന്ന് മാത്രമല്ല അതിനെ ന്യായീകരിച്ച് പ്രഭാഷണം പോലും സംഘടിപ്പിച്ചു.
ഇപ്പോള്‍ നടക്കുന്ന ശഅ്‌റ് മുബാറക് വിവാദവും ഈ നിലയില്‍ കണ്ടാല്‍ മതി. ഈ വിവാദത്തില്‍ കാന്തപുരം ഉസ്താദ് ചെയ്തതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഉസ്താദിന് ശഅ്‌റ് മുബാറക് ലഭിച്ച സ്രോതസ്സ് എല്ലാവര്‍ക്കുമറിയാം. ഉസ്താദ് ആദരിക്കുന്ന ഒരു വസ്തുവിനെ ഉസ്താദിനെ അംഗീകരിക്കുന്നവര്‍ ആദരിക്കുന്നു. അതിനെ തടസ്സപ്പെടുത്താന്‍ ഏത് തത്വ ശാസ്ത്രത്തിന്റെ പേരില്‍ ആര്‍ക്കാണ് സാധിക്കുക? ഈ വിഷയത്തില്‍ ചിലര്‍ തെളിവ് ചോദിക്കുന്നു. തെളിവ് ചോദിക്കുന്നത് എന്തിനാണ്? ഉസ്താദിന് ആദരിക്കണമെങ്കില്‍ എതിരാളികള്‍ക്ക് തെളിവ് കാണിക്കണമോ? ഉസ്താദിനെ അംഗീകരിക്കുന്നവര്‍ക്ക് ആദരിക്കാന്‍ ഉസ്താദിന്റെ വിരോധികള്‍ക്ക് തെളിവ് കൈമാറണമെന്നോ? ഈ വിവാദത്തില്‍ ബോംബെയിലെ ഒരു വ്യക്തിയെയും അബൂദബിയിലെ അറബി പ്രമുഖനെയുമൊക്കെ തട്ടിപ്പുകാരന്‍, കപടന്‍, മുനാഫിഖ് തുടങ്ങിയ പദപ്രയോഗങ്ങളില്‍ ഇവര്‍ വിശേഷിപ്പിക്കുന്നു.
പണ്ഡിത വേഷം ധരിച്ചവര്‍ ഇങ്ങനെയൊക്കെ പറയാമോ? ഇത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നില്ലേ? ഇത്തരം പ്രസംഗങ്ങള്‍ കേള്‍ക്കുന്ന അണികള്‍ക്ക് ധാര്‍മികതയുണ്ടാകുമോ? മര്‍ക്കസിലെ ശഅ്‌റുമുബാറക്കിനെ ആദരിക്കണമെന്ന ഒരു നിര്‍ബന്ധവും ഇവിടെ ആരും പ്രകടിപ്പിക്കാത്ത സ്ഥിതിക്ക് ഈ ശബ്ദകോലാഹലങ്ങള്‍ക്ക് എന്തെങ്കിലും അര്‍ഥമുണ്ടോ? ഇവരുടെ ഈ സമീപനം അണികളെ അക്രമാസക്തരും ക്രിമിനലുകളുമാക്കി വളര്‍ത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് ബല്ലാ കടപ്പുറം മുതല്‍ ഓണപ്പറമ്പ് വരെയുള്ള പുതിയ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ബല്ലാ കടപ്പുറം, ഓണപ്പറമ്പ്, എളങ്കൂര്‍ പാറാട് സ്‌ഫോടനം തുടങ്ങിയവ സമുദായത്തിന്റെ അതീവ ശ്രദ്ധ പതിയേണ്ട, സുമനസ്സുകള്‍ ഇടപെടേണ്ട വിഷയങ്ങളാണ്. എ പി വിഭാഗത്തെ അക്രമിക്കാന്‍ ബോംബുണ്ടാക്കുക, ഉണ്ടാക്കുമ്പോള്‍ പൊട്ടി സ്വന്തം പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുക, അതിനെ ന്യായീകരിച്ച് നേതാക്കള്‍ പ്രസംഗിക്കുക, വിഷയം നേരിടാന്‍ വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും സ്വന്തം മദ്‌റസയും കത്തിക്കുക, എ പി വിഭാഗത്തിനെതിരെ കേസ് നല്‍കുക; പ്രതികള്‍ ചേളാരി വിഭാഗമാണെന്ന് പിന്നീട് കണ്ടെത്തുക. ഇങ്ങനെ ലജ്ജാകരമായ പ്രവര്‍ത്തനങ്ങള്‍ ഈ ‘സമസ്ത’യുടെ മറവില്‍ നടക്കുന്നുവെങ്കില്‍ ഈ സമുദായത്തിന് സംസ്‌കാരമുണ്ടാകുമോ?
ഇവരുടെ നേതാക്കള്‍ (പ്രായം ചെന്നവര്‍ പോലും) തരംതാണ പദങ്ങള്‍ ഉപയോഗിച്ചു അണികള്‍ക്ക് അക്രമവാസനയുണ്ടാക്കും വിധം പ്രഭാഷണങ്ങള്‍ നടത്തുന്നു. സുന്നീ നേതൃത്വം വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും നില്‍ക്കണമെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. വീണ്ടും വിവാദം കത്തിക്കുകയും സുന്നീ നേതൃത്വത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ കഠിനാധ്വാനം നടത്തുകയുമാണിപ്പോള്‍.
മുസ്‌ലിം ലീഗിനെ സമ്മര്‍ദത്തിലാക്കിയാണ് ഇപ്പോള്‍ ചേളാരി വിഭാഗം അന്തരീക്ഷം കലുഷിതമാക്കുന്നത്. മുന്‍ കാലങ്ങളില്‍ ആളും അര്‍ഥവും നല്‍കി ലീഗുനേതൃത്വം ഇവര്‍ക്ക് അസ്ഥിത്വമുണ്ടാക്കിക്കൊടുത്തു. ചെറിയ ഒരു പ്ലാറ്റ്‌ഫോം രൂപപ്പെട്ടുവെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ ലീഗ് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കുംവിധം ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
കാസര്‍കോട് ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവര്‍ ആരോപണവുമായി രംഗത്തു വന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മരണ സന്ദര്‍ഭത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് ‘വധ’മാക്കി മാറ്റാനും സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ ആരോപണം ഉന്നയിക്കാനും ആ വിധത്തില്‍ അന്വേഷണം നടത്തിക്കാനും ചേളാരി നേതൃത്വം പദ്ധതി ആവഷ്‌കരിക്കുകയും ധര്‍ണകളും സമരങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്തു. ഒരു ഘട്ടത്തില്‍ സമ്മര്‍ദത്തിന് വഴങ്ങി ലീഗ് നേതൃത്വവും ചേളാരി പക്ഷം ചേര്‍ന്നു. ഇപ്പോള്‍ ഒരു പണ്ഡിതന്റെ മരണം സംഘടനാവത്കരിച്ചതിന്റെ അപമാനവും പാപവും അവര്‍ തന്നെ പേറേണ്ടി വന്നു.
ഭീമമായ സംഖ്യയുടെ വരവ് ചേളാരി വിഭാഗത്തിന് ലഭിക്കുന്നു. മദ്‌റസകളില്‍ നിന്ന് തന്നെ ലഭിക്കുന്ന കോടികള്‍ക്ക് കണക്കില്ല. മഖ്ബറകളില്‍ നിന്നുള്ള വരുമാനങ്ങളും വിവിധ പിരിവുകളും മറ്റു വരുമാന സ്രോതസ്സുകളാണ്. സമുദായത്തിന്റെ ഈ സംഘടനയിലെ വലിയൊരു വിഹിതം ചെലവഴിക്കപ്പെടുന്നത് സംഘടനാ പക്ഷപാതിത്വത്തിന്റെ പേരില്‍ സുന്നീ സംഘടനകളെയും കാന്തപുരത്തെയും എതിര്‍ക്കാന്‍ വേണ്ടിയാണെന്ന് ന്യായമായും സംശയിക്കാം. കേരളത്തിലെ ആയിരക്കണക്കിന് മദ്‌റസകളുടെ പിതൃത്വം അവകാശപ്പെടുന്നത്. ഈ മദ്‌റസകള്‍ പണിതതിന് ശേഷമാണ് ഇവരുടെ സംഘടന വിവരമറിയുന്നത് തന്നെ. നിര്‍മാണത്തിലോ നടത്തിപ്പിലോ ഈ സംഘടനക്ക് ഒരു ബന്ധവുമില്ലെന്നര്‍ഥം. നാട്ടുകാര്‍ എല്ലാവരും ചേര്‍ന്നുണ്ടാക്കിയ സ്ഥാപനങ്ങളുടെ പിതൃത്വവും മഹല്ലുകളുടെ അധികാരവുമൊക്കെ സ്വയം അവകാശപ്പെട്ടു സായൂജ്യമടയുകയാണ് ഈ വിഭാഗം. ചുരുക്കത്തില്‍ ചേളാരി വിഭാഗത്തിന്റെ നയനിലപാടുകള്‍ മുസ്‌ലിം സമുദായത്തിന്റെ ധാര്‍മികവും സാംസ്‌കാരികവുമായ വളര്‍ച്ചയെ തടയുന്നുവെന്ന് മാത്രമല്ല, അപചയത്തിന് കാരണമാകുകയും ചെയ്യുന്നു. ഗ്രാമപ്രദേശങ്ങില്‍ തെമ്മാടിത്തം കാണിക്കുന്നവരെ നേര്‍വഴിയിലേക്ക് നയിക്കുന്നതിന് പകരം സുന്നീ സംഘടനാ/കാന്തപുരം വിരോധം കുത്തി നിറച്ച് ജീര്‍ണതയിലേക്ക് സമൂഹത്തെ തള്ളിവിടുകയാണ്.
ഇത്തരം ക്രൂരതകള്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തിന് ഒരു സമൂഹത്തെയല്ല ഒരു വ്യക്തിയെ പോലും നേര്‍ദിശയിലേക്ക് നയിക്കാനാകില്ല. കണ്ണൂരില്‍ ഹൈദരലി തങ്ങളുള്‍പ്പെടെ നേതാക്കന്മാര്‍ പരസ്യമായി അവഹേളിക്കപ്പെട്ട രംഗം സൃഷ്ടിച്ചടുക്കുന്നതില്‍ ചേളാരി വിഭാഗത്തിന്റെ പങ്ക് പത്രങ്ങളെല്ലാം വ്യക്തമാക്കിയിരുന്നു. കണ്ണൂരുകളും ഓണപ്പറമ്പുകളും പാറാടും ഇനിയും ആവര്‍ത്തിക്കണമോ? മുസ്‌ലിം സമുദായം ഗൗരവമായി ആലോചിക്കണം.

 

സിറാജില്‍ പ്രസിദ്ധീകരിച്ചത് 

ആ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ഇനി അഴിച്ചുമാറ്റാം

പി എം ശംസുദ്ദീന്‍


 ഫാസിസത്തെയും കൊലപാതക രാഷ്ട്രീയത്തെയും വര്‍ണിക്കാന്‍ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിഘണ്ടുവില്‍ ഇത്രയും വിപുലവും മനോഹരവുമായ പദാവലികളുണ്ടെന്ന് ഏറ്റവും കുറഞ്ഞത് മലബാറുകാരെങ്കിലും അറിഞ്ഞത് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലാണ്. കൃത്യമായി പറഞ്ഞാല്‍ 2012 ഫെബ്രുവരി ഇരുപതാം തീയതിക്കു ശേഷം. അന്നാണ് തളിപ്പറമ്പ് അരിയിലെ വയലോരത്ത് വെച്ച് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുശ്ശുകൂര്‍ കൊല്ലപ്പെട്ടത്. സി പി എം കണ്ണൂര്‍ ജില്ലാ നേതാക്കള്‍ സഞ്ചരിച്ച വാഹനത്തെ തടഞ്ഞുവെച്ച് ആക്രമിച്ചതിന് പകരം ആസൂത്രണം ചെയ്തതെന്ന് പോലീസ് വിശദീകരിക്കുന്ന ശുകൂറിന്റെ കൊലപാതകം സമീപ കാലത്ത് കേരളം കണ്ട അതിദാരുണമായ കൊലപാതകങ്ങളിലൊന്നായിരുന്നു. സ്വന്തം വീട്ടിലേക്കുള്ള യാത്രാമധ്യേ ഓടിച്ചു പിടിച്ച അക്രമികളോട് ശുകൂര്‍ ഒന്നര മണിക്കൂര്‍ ജീവനു വേണ്ടി കേണുവത്രേ. അരിയിലെ ലീഗ് പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് ലീഗ് നേതാക്കളുടെയും മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ഫോണുകളിലേക്ക് സഹായമഭ്യര്‍ഥിച്ചുകൊണ്ടുള്ള വിളികള്‍ പ്രവഹിച്ചിട്ടും ശുകൂറിന്റെ ജീവന്‍ രക്ഷിക്കാന്‍ സമുദായത്തിന്റെ മൊത്തം രക്ഷാകര്‍തൃത്വം അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഫലമോ? ആത്വിക ഉമ്മക്ക് സ്വന്തം മകനെ നഷ്ടപ്പെട്ടു. മുസ്‌ലിം ലീഗിന് ലക്ഷണമൊത്ത ഒരു രക്തസാക്ഷിയെ കിട്ടുകയും ചെയ്തു.
അതോടെ, മനോഹരമായ ഭാഷയില്‍, രക്തം ചിന്തുന്ന പശ്ചാത്തല ചിത്രത്തില്‍ നിഷ്‌കളങ്കതയൂറുന്ന പൊടിമീശക്കാരന്‍ ശുകൂറിന്റെ ഫോട്ടോയുടെ അകമ്പടിയോടെ സംസ്ഥാനമൊട്ടുക്കും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഫഌക്‌സ് ബോര്‍ഡുകളിലാക്കി ഫാസിസത്തിനും കൊലപാതകരാഷ്ട്രീയത്തിനുമെതിരെ പ്രതിരോധം തീര്‍ത്തു. അരിയില്‍ ശുകൂര്‍ അങ്ങനെ ‘ശഹീദ് ശുകൂറാ’യി. ഗുജറാത്തില്‍ ആര്‍ എസ് എസ് നരാധമന്മാരുടെ ആയുധ ആക്രോശങ്ങള്‍ക്ക് മുമ്പില്‍ ജീവനുവേണ്ടി കേഴുന്ന കുതുബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം ശകൂറിന്റെ ചിത്രത്തോടൊപ്പം ഒട്ടിച്ച്, വലതുപക്ഷ ഹൈന്ദവ വര്‍ഗീയതയുടെ മറ്റൊരു പതിപ്പാണ് സി പി എം എന്ന് സമുദായത്തെ തെര്യപ്പെടുത്തി. മുസ്‌ലിംകളോടുള്ള ഇടതുപക്ഷ സമീപനത്തിന്റെ ടെസ്റ്റ് ഡോസെന്ന് ശുകൂര്‍ വധത്തെ ലീഗ് പ്രഭാഷകരും എഴുത്തുകാരും തലങ്ങും വിലങ്ങും ഉദാഹരിച്ചു. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതോടെ ‘ശഹീദ് ശുകൂരി’ന്റെ രാഷ്ട്രീയ പ്രാധാന്യവും മൂല്യവും വര്‍ധിച്ചു. ഓര്‍ക്കാട്ടേരി ലക്ഷ്യമാക്കി വന്നവര്‍ അരിയിലേക്ക് വരെ യാത്ര നീട്ടി. അരിയിലേക്ക് യാത്ര പോയവര്‍ ഓര്‍ക്കാട്ടേരിയിലും വാഹനമിറങ്ങി.
അതോടെ ശുകൂര്‍ വധക്കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പറയാന്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും ആത്മവിശ്വാസം കൈവന്നുതുടങ്ങി. സ്വന്തം പ്രവര്‍ത്തകന്റെ കൊലപാതകത്തെ കുറിച്ച് നട്ടെല്ല് നിവര്‍ത്തി രണ്ടക്ഷരം ഉരിയാടാന്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് ഒരു ആര്‍ എം പി നേതാവിന് അമ്പത്തിരണ്ട് വെട്ടേറ്റ് ശഹീദാകേണ്ടിവന്നല്ലോ എന്ന് ആത്മാഭിമാനമുള്ള ലീഗുകാര്‍ തല കുനിച്ചു.
എന്നാലും വേണ്ടിയില്ല, അക്രമാസക്തമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടും കൊലപാതക രാഷ്ട്രീയത്തോടും അരുതെന്ന് പറയാന്‍ മുസ്‌ലിം സമുദായത്തില്‍ നിന്നൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായല്ലോ എന്ന് സമുദായം ആത്മവിശ്വാസം കൊണ്ടു. അവര്‍ പ്രിന്റിംഗ് പ്രസുകളലേക്കോടി. കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫഌക്‌സ് ബോര്‍ഡുകളും നോട്ടീസുകളും അടിച്ചിറക്കി തെരുവുകള്‍ അലങ്കരിച്ചു. ശുകൂറിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് പിരിവിന് ലീഗ് നേതാക്കള്‍ കൈ നീട്ടിയപ്പോള്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞിറങ്ങിയപ്പോഴുള്ള ആദ്യ സംഭാവന തന്നെ നല്‍കി ബക്കറ്റ് നിറച്ചു. കൊലപാതക രാഷ്ട്രീയം തുലയട്ടെ, എന്നവര്‍ മുഷ്ടി ചുരുട്ടി. ശുകൂറിന്റെ രക്തസാക്ഷിത്വത്തെ ഉയര്‍ത്തിക്കാട്ടി മുസ്‌ലിം ലീഗ് രാഷ്ട്രീയ മൂലധനം സംഭരിച്ചു. പച്ച രാഷ്ട്രീയത്തെ ചുകപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ലീഗണികള്‍ ശപഥം ചെയ്തു. ഫാസിസ്റ്റുകള്‍ കൊലക്കത്തിയൂരുമ്പോള്‍ പ്രതിരോധിക്കാന്‍ ലീഗുകാരും കൂടെയുണ്ടാകുമെന്ന് സമുദായം ആശ്വാസം കൊണ്ടു. ടി പി ചന്ദ്രശേഖരന്‍ വധത്തെ അപലപിച്ചും ശുകൂര്‍ വധക്കേസിനെ ഉയര്‍ത്തിക്കാട്ടിയും പരിസ്ഥിതി ദിനത്തില്‍ ചെടി നട്ടും ഹരിതരാഷ്ട്രീയത്തിന് പച്ച പിടിച്ചുനില്‍ക്കാമെന്നായി.
KTC Abdul Khaderശുകൂര്‍ വധത്തോടെയെങ്കിലും കൊലപാതക രാഷ്ട്രീയത്തോട് അരുതെന്ന് പറയാന്‍ മുസ്‌ലിം ലീഗിന് കഴിഞ്ഞല്ലോ എന്ന് ഏറ്റവും ആശ്വാസം കൊണ്ടത് കൊടുവള്ളി അമ്പലക്കണ്ടി കെ ടി സി അബ്ദുല്‍ ഖാദിറിന്റെ ആ പാവം കുടുംബമായിരിക്കും. കാരണം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സന്ധ്യാ നേരത്ത് മദ്‌റസയില്‍ നിന്നും കുട്ടികളെ പഠിപ്പിച്ചിറങ്ങുകയായിരുന്ന അബ്ദുല്‍ ഖാദിര്‍ മരിച്ചത് കമ്പിപ്പാരയില്‍ കെട്ടിയ ഹരിത പതാക സുന്നീവിരുദ്ധര്‍ തലയില്‍ താഴ്ത്തിയിറക്കുന്നതിനിടെ തലയോട്ടി തകര്‍ന്നായിരുന്നു. അക്രമാസക്തമായ രാഷ്ട്രീയത്തെ പക്വതയാര്‍ന്ന നിലപാടുകളെടുത്ത് നേരിടാനുള്ള ലീഗിന്റെ തീരുമാനം കണ്ട് ആശ്വസിക്കാന്‍ പക്ഷേ, കുണ്ടൂരിലെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. ഒരു റമസാന്‍ കാലത്ത് നോമ്പ് തുറക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നോമ്പുകാരനായി വിശന്നൊട്ടിയ തന്റെ മകന്‍ കുഞ്ഞുവിന്റെ വയറിലേക്ക് കഠാര ആഴ്ത്തി കുടല്‍മാല പുറത്തെടുത്ത് ആഹ്ലാദ നൃത്തം ചവിട്ടിയ ‘സമുദായസ്‌നേഹികളെ’ ഓര്‍ത്ത് അന്ത്യശാസം വരെയും കണ്ണീരൊഴുക്കിയ പിതാവായിരുന്നു സുന്നികളുടെ പ്രിയങ്കരനായ കുണ്ടൂര്‍ ഉസ്താദ്. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ തേരോട്ടത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടവരും ജീവിതത്തില്‍ തളര്‍ന്നുപോയവരുമെല്ലാം തങ്ങള്‍ക്കൊന്നും അരിയില്‍ ശുകൂര്‍ ആകാനുള്ള ഭാഗ്യം ലഭിച്ചില്ലല്ലോ എന്ന് സങ്കടപ്പെട്ടുകാണും. അത്രമേല്‍ വൈകാരിക വിക്ഷോഭത്തോടെയുള്ള വാഗ്‌ധോരണികള്‍ കൊണ്ടായിരുന്നു ശേഷം ആക്രമ രാഷ്ട്രീയത്തെ ലീഗ് നേതാക്കളും പ്രവര്‍ത്തകരും അപലപിച്ചത്.
പക്ഷേ, അരിയില്‍ നിന്ന് ഓണപ്പറമ്പിലേക്ക് അധികം ദൂരമൊന്നുമില്ലെന്ന് ഏറ്റവും കുറഞ്ഞത് തളിപ്പറമ്പുകാര്‍ക്കെങ്കിലും നേരത്തെ അറിയാമായിരുന്ന വസ്തുതയാണ്. പുറം നാട്ടുകാര്‍ക്ക് അതറിയാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവന്നു എന്നുമാത്രം. 2013 ആഗസ്റ്റ് പതിനാറാം തീയതി ഓണപ്പറമ്പിലെ പള്ളിയും മദ്‌റസയും കുത്തിപ്പൊളിക്കുമ്പോള്‍ ഒരു സമുദായ സ്‌നേഹിക്കും ബാബ്‌രി മസ്ജിദ് ഓര്‍മയില്‍ തികട്ടിവന്നില്ല. പി എ റസാഖിനെയും സുഹൃത്തുക്കളെയും സോഡാ കുപ്പികൊണ്ടും കല്‍ച്ചീളുകള്‍ കൊണ്ടും ആഞ്ഞു കുത്തുമ്പോള്‍ തളിപ്പറമ്പ് താലൂക്കിലെ ലീഗുകാര്‍ക്ക് പോലും അരിയില്‍ ശുകൂറിന്റെ ദയനീയ മുഖം ഓര്‍മയില്‍ എത്തിയില്ലെന്നത് വിരോധാഭാസമാകാം. വിഘടിത സമസ്തയുടെ ചേളാരി പ്ലാന്റില്‍ നിന്നും കയറൂരി വിട്ട ക്രിമിനലുകളുടെ താളത്തിനൊപ്പം തുള്ളിയും ഇശല്‍ മുറുക്കിയും സമുദായ രാഷ്ട്രീയം തങ്ങളുടെ കൂറ് എന്തിനോടാണെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തി. ശഹീദാകണമെങ്കിലും ഫഌക്‌സ് ബോര്‍ഡില്‍ കയറിപ്പറ്റണമെങ്കിലും ആര്‍ എസ് എസിന്റെയോ സി പി എമ്മിന്റെയോ കൊലക്കത്തിക്കിരയാകണമെന്ന് മാപ്പിളമാര്‍ പാഠം പഠിച്ചു. പള്ളി പൊളിച്ചതായി ബോധ്യപ്പെടണമെങ്കില്‍, അക്രമികള്‍ കാവി വസ്ത്രം ധരിച്ചവര്‍ തന്നെയായിരിക്കണമെന്നും സമുദായത്തിന് വെളിപാടുണ്ടായി. ബാബരി പള്ളിയും അരിയില്‍ ശുകൂറും ഭാഗ്യവാന്‍മാര്‍.
തസ്‌ലീമ നസ്‌റീനും സല്‍മാന്‍ റുഷ്ദിയും ഡാനീഷ് കാര്‍ട്ടൂണിസ്റ്റ് കാര്‍ട്ട് വെസ്റ്റര്‍ഗിയേര്‍ഡും സിനിമാ സംവിധായന്‍ കമലഹാസനും പ്രൊഫ. ടി ജെ ജോസഫും ഖുര്‍ആനിനേയും പ്രവാചകനെയും അവഹേളിക്കുമ്പോള്‍ സമുദായത്തിന്റെ രക്തം തിളക്കും. കൈ വെട്ടിയും പോസ്റ്ററുകള്‍ക്കും തിയേറ്ററുകള്‍ക്കും തീയിട്ടും ഇന്ത്യാ രാജ്യത്ത് കാല് കുത്തിക്കില്ലെന്ന് ഫത്‌വകളിറക്കിയും മുസ്‌ലിം സംഘടനകള്‍ അവരുടെ സമുദായക്കൂറ് വെളിപ്പെടുത്തുന്ന ഘട്ടമാണ് ഓരോ ഇസ്‌ലാം നിന്ദാ സംഭവങ്ങളും. ഓണപ്പറമ്പില്‍ സ്വന്തം മദ്‌റസക്ക് തീയിട്ടപ്പോള്‍ തിരൂരങ്ങാടി പ്രിന്റിംഗ് പ്രസില്‍ അച്ചടിച്ച ഹാജര്‍ ബുക്കും ലഡ്ജറും അഡ്മിഷന്‍ റജിസ്റ്ററും ശേഖരനാശാരി പണിത പൊളിഞ്ഞ മേശയും എടുത്തുമാറ്റണമെന്ന് തോന്നിയപ്പോഴും അന്ത്യപ്രവാചകന് അല്ലാഹു സമ്മാനിച്ച വിശുദ്ധ ഖുര്‍ആന്‍ കൂടി അതിനോടൊപ്പം മാറ്റി വെക്കാന്‍ തോന്നാതിരുന്നത് കുമ്മനം രാജശേഖരനോ ശശികല ടീച്ചര്‍ക്കോ ആയിരുന്നില്ല. ഓണപ്പറമ്പിലെയും പരിസരപ്രദേശങ്ങളിലേയും മുസ്‌ലിം രക്ഷിതാക്കള്‍ക്ക് പിറന്ന ആണ്‍ പിള്ളേര്‍ക്കായിരുന്നു. നാലില്‍ കുറയാത്ത എണ്ണം ആളുകള്‍ക്ക് മാത്രം എടുത്തുമാറ്റാന്‍ കഴിയുന്ന മേശയേക്കാള്‍ കനവും ഗാംഭീര്യവും വിശുദ്ധ ഖുര്‍ആനിനുണ്ടെന്നെങ്കിലും ചേളാരി പ്ലാന്റിലെ തൊഴിലാളികള്‍ക്ക് ബോധ്യപ്പെട്ടല്ലോ എന്നാശ്വസിക്കാം.
ചേളാരി വിഭാഗത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസക്കും തീയിട്ടു എന്ന വാര്‍ത്ത പരസ്യമായ ഉടനെ ലീഗ് നേതാവ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയും പരിവാരങ്ങളും ഓണപ്പറമ്പിലെത്തി പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു. അല്ലെങ്കിലും പ്രതികളെ പിടികൂടണമെന്നൊക്കെ ഈ വക മൗലവിമാര്‍ക്ക് ഇല്‍ഹാം ഉണ്ടാകണമെങ്കില്‍ പള്ളി തകര്‍ത്താല്‍ മാത്രം പോരല്ലോ. തളിപ്പറമ്പിലെ സ്റ്റേഷനറി കടയില്‍ നിന്ന് നൂറ് രൂപ കൊടുത്ത് വാങ്ങിയ അഡ്മിഷന്‍ റജിസ്റ്ററിന് കൂടി തീ പിടിക്കണം. അപ്പോഴേ ഇവരുടെയൊക്കെ സമുദായ സ്‌നേഹത്തിന്റെ രക്തം ഓടിത്തുടങ്ങുകയുള്ളൂ. പക്ഷേ ‘അല്ലാഹുവിന്റെ കലാമിന് അല്ലാഹു കാവല്‍ നില്‍ക്കും’ എന്ന് പടച്ചവന്‍ പറഞ്ഞതുകൊണ്ട് പ്രതികള്‍ പിടിക്കപ്പെടുക തന്നെ ചെയ്തു. എല്ലാ പ്രതികളും ചേളാരി ചന്തയിലെ കൂലിത്തൊഴിലാളികള്‍!. അവര്‍ക്ക് ആശയും അഭയവും നല്‍കിയതോ നയനമനോഹര ഹരിത സ്വപ്‌നങ്ങളും. അതോടെ, പ്രതികളെ പിടികൂടണമെന്ന് ആവേശം തുളുമ്പിയ മൗലവിമാര്‍ മാവിലായിയിലേക്ക് തീര്‍ഥയാത്ര പോയി.
കണ്ണൂര്‍ ജില്ലയിലെ തന്നെ കണ്ണൂര്‍ പാറാട്ടായിരുന്നു സമുദായസ്‌നേഹികളുടെ മതവികാരം മൂര്‍ധന്യാവസ്ഥയിലെത്തിയത്. സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ എറിയാനുള്ള ബോംബുണ്ടാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു പണ്ഡിത സംഘടന. ടെന്‍ഡര്‍ വിളിച്ചിട്ടാണോ അല്ലയോ എന്നറിയില്ല ബോംബൊന്നിന് ചേളാരിയിലെ മാര്‍ക്കറ്റ് നിലവാരം എണ്ണൂറ് രൂപയാണ്. ബോംബ് പൊട്ടിത്തെറിച്ച്, വാളെടുത്തിറങ്ങിയ ആണ്‍കുട്ടികളുടെ ‘ആണത്തം’ തന്നെ പോയത് മാത്രം ബാക്കി. ഒപ്പം അകത്തെ അസിമാനന്ദമാരെ തിരിച്ചറിയാനായി എന്നത് സമുദായത്തിന്റെ ഭാഗ്യം.
ABU HAJI 68മലപ്പുറം ജില്ലയിലെ എളങ്കൂരില്‍ ചേളാരി ചന്തയിലെ ഇറച്ചിവെട്ടുകാര്‍ അടിച്ചുകൊന്നത് എഴുപത്തെട്ട് വയസ്സ് പ്രായമുള്ള തിരുത്തിയില്‍ അബു ഹാജിയെ. കൈയോങ്ങാന്‍ ഏതൊരു റിപ്പര്‍ ചന്ദ്രനും ഒന്നറച്ചുനിന്നുപോകുന്ന പ്രായത്തിലെത്തിയ ഒരാള്‍. അല്ലെങ്കിലും ഉരുവിന്റെ പ്രായം നോക്കിയല്ലല്ലോ ഒരു ഇറച്ചിവെട്ടുകാരനും കത്തിക്ക് മൂര്‍ച്ച കൂട്ടുന്നത്.
NURUDHEENHAMZAമണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിലെ സുന്നീ പ്രവര്‍ത്തകരായ പള്ളത്തുവീട്ടില്‍ കുഞ്ഞിഹംസയെയും സഹോദരന്‍ നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുമ്പോഴേക്കും അരിയില്‍ ശുകൂര്‍ വധിക്കപ്പെട്ട് 21 മാസം പിന്നിട്ടിരുന്നു. ഒരു ‘ശഹീദി’നെക്കുറിച്ചുള്ള ഓര്‍മയൊക്കെ കുഴിച്ചിടാന്‍ ഇത്രയും ദിവസങ്ങള്‍ ധാരാളം. അതുകൊണ്ടു കൂടിയാകണം മുസ്‌ലിം ലീഗ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ തന്നെ കഠാര നല്‍കി ഗോദയിലിറക്കിയത്. സുഹൃത്തിനെ വീട്ടിലിറക്കിക്കൊടുത്ത് തിരിച്ചുവരുമ്പോഴാണ് ഈ സഹോദരങ്ങള്‍ കുത്തേറ്റ് മരിച്ചത്. കൊല്ലപ്പെട്ടത് ‘യാഥാസ്ഥിതിക’ സുന്നികളായതിനാലും കുത്തിയത് സി പി എമ്മുകാരോ ആര്‍ എസ് എസുകാരോ അല്ലാത്തതിനാലും ആരും മുറിവുകളുടെ എണ്ണമെടുത്തില്ല. ആര്‍ എം പിക്കാരല്ലാത്തതിനാല്‍ ആര്‍ക്കുമവര്‍ ധീരരക്തസാക്ഷികളുമായില്ല.
ഇതിനിടെ മറ്റൊരു സുന്ദര കാഴ്ച കണ്ടത് ജമാഅത്ത് ദിനപത്രത്തിലും ചാനലിലുമാണ്. സുന്നീ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള ചര്‍ച്ചയും മുഖപ്രസംഗവും കൊണ്ട് മുഖരിതമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിമാട് കുന്നും വെള്ളിപറമ്പും. നരഹത്യയിലെത്തിയ മതഭ്രാന്ത്’ എന്ന തലക്കെട്ടിലാണ് കൊലപാതകത്തേയും ബോംബിനെയും സുന്നികള്‍ക്കിടയില്‍ പങ്ക് വെച്ചുകൊടുത്ത് ജമാഅത്ത് ഗ്രൂപ്പ് എഡിറ്റര്‍ മുഖപ്രസംഗമെഴുതിയത്. പങ്ക് വെച്ചതിലെ അനീതി പോകട്ടെ, (‘പങ്ക് വെക്കുന്നവന്‍’ നരകത്തിലാണെന്ന് പ്രവാചകന്‍) നരഹത്യയിലേക്ക് മതഭ്രാന്തിനെ എത്തിക്കുന്നതില്‍ ചേന്ദമംഗല്ലൂരുകാരന്റെ പങ്കും പങ്കാളിത്തവും എന്തായിരുന്നെന്ന് സ്വയം ആലോചിക്കാനെങ്കിലും ഈ ദാരുണ കൊലപാതകങ്ങള്‍ നിമിത്തമായിരുന്നെങ്കില്‍.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞതുപോലെ, കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മലബാറില്‍ നടന്ന അതിക്രമങ്ങളിലും കൊലപാതകങ്ങളിലും പിടിക്കപ്പെട്ടവരിലേറെയും സമസ്ത ചേളാരി വിഭാഗം പ്രവര്‍ത്തകരും ഭാരവാഹികളുമാണെന്ന കാര്യം ഞെട്ടലുളവാക്കുന്നതാണ്. മുസ്‌ലിം ലീഗിന്റെ അനുഭാവികള്‍ മുതല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വരെയും ഉള്‍പ്പെടുന്നുണ്ടെന്ന കാര്യം ആശങ്കാജനകം തന്നെ. പ്രതികളെ പിടികൂടാതിരിക്കാനും അവരെ അലമാരയിലൊളിപ്പിക്കാനും ലീഗ് കാണിക്കുന്ന ജാഗ്രത മുസ്‌ലിം സമുദായത്തെ മാത്രമല്ല, കേരളത്തിലെ സാമൂഹികാന്തരീക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുന്ന ഏതൊരു കേരളീയന്റെയും ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്നതാണ്. മോഡി ഭരിക്കുന്ന അഹമ്മദാബാദില്‍ മാത്രമല്ല, മണ്ണാര്‍ക്കാട്ടെ കാഞ്ഞിരപ്പുഴയിലെ സ്വന്തം മഹല്ലിലും മുസ്‌ലിംകള്‍ക്ക് രക്ഷയില്ലെന്ന് വന്നാല്‍! പുറത്തെ ശത്രുവിന്റെ കത്തിയുടെ അതേ മൂര്‍ച്ച അകത്തെ മിത്രത്തിന്റെ കത്തിക്കുണ്ടെന്ന് വന്നാല്‍!! കുതുബുദ്ദീന്‍ അന്‍സാരിമാരുടെ കണ്ണുകള്‍ ഭയപ്പാട് കൊണ്ട് അന്ധാളിച്ചുപോകുന്നത് തൃശൂലം കൊണ്ടല്ല തൊട്ടയല്‍പക്കത്തെ സഹോദരന്റെ കഠാര കണ്ടാണെന്ന് വന്നാല്‍!!! ഈ വക കൊലപാതകങ്ങളും അതിക്രമങ്ങളുമെല്ലാം സ്വാഭാവികമായ തിരിച്ചടികളാണെന്ന് പറയുന്നത് നരേന്ദ്ര മോഡിയല്ല, താടിയും തലപ്പാവും ധരിച്ച പള്ളികളില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന മതപണ്ഡിതന്മാരാണെന്ന് വന്നാല്‍!
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചോദിച്ച അതേ ചോദ്യമാണ് ഈ വേട്ടക്കാരോടും അവരുടെ യജമാനന്മാരോടും ചോദിക്കാനുള്ളത്. ബാബരി മസ്ജിദ് തകര്‍ത്ത വര്‍ഗീയ ശക്തികളോടും ഗുജറാത്തില്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ നരേന്ദ്ര മോഡിയോടും ഖുര്‍ആനിനെയും പ്രവാചകനെയും അവഹേളിച്ച സല്‍മാന്‍ റുഷ്ദിയോടും സ്വീകരിച്ച അതേ സമീപനം ഓണപ്പറമ്പിലെ പള്ളി തകര്‍ത്തവരോടും ഖുര്‍ആന്‍ കത്തിച്ചവരോടും മണ്ണാര്‍ക്കാട്ടും എളങ്കൂരും മുസ്‌ലിംകളെ വെട്ടിക്കൊന്നവരോടും സ്വീകരിക്കാന്‍ നെഞ്ചുറപ്പുള്ള എത്ര മുസ്‌ലിം സംഘടനകളും പ്രസിദ്ധീകരണങ്ങളും മുസ്‌ലിംകള്‍ക്കിടയിലുണ്ട്? അന്യ മതസ്ഥരും പ്രത്യയശാസ്ത്രങ്ങളും മുസ്‌ലിംകളോട് സ്വീകരിക്കണമെന്ന് സമുദായസ്‌നേഹികള്‍ നിര്‍ബന്ധം പിടിക്കുന്ന നിലപാടുകള്‍ സമുദായത്തിനകത്തെ സഹോദര വിഭാഗങ്ങളോട് പാലിക്കാന്‍ മാത്രം ധാര്‍മികമര്യാദയുള്ളവര്‍ എത്ര പേരുണ്ട്? അത്തരം ധാര്‍മിക ബോധം പുലര്‍ത്തുന്ന സംഘടനകളുടെയും പ്രസിദ്ധീകരണങ്ങളുടെയും എണ്ണം മുസ്‌ലിംകള്‍ക്കിടയിലും കുറഞ്ഞുവരികയാണെന്നതിന് കഴിഞ്ഞ രണ്ട് മാസമായി കേരളം തന്നെ സാക്ഷി. വേട്ടകാരോടൊപ്പം ഇര തേടുന്ന മുസ്‌ലിംകളുടെ വാമന രൂപമാണല്ലോ ഓണപ്പറമ്പിലും മണ്ണാര്‍ക്കാട്ടും എളങ്കൂരിലും നാം കണ്ടത്.
ഏതായാലും ‘ശഹീദ് ശുകൂറി’നെ പ്രദര്‍ശിപ്പിക്കാനും കൊലപാതകത്തിന്റെ അടിവേര് മാന്താനും സംസ്ഥാനത്തൊട്ടാകെ ഉയര്‍ത്തിയ ഫഌക്‌സ് ബോര്‍ഡുകള്‍ ചിതലരിച്ചും കാട് കയറിയും കണ്‍വെട്ടത്ത് നിന്ന് മാഞ്ഞുതുടങ്ങിയത് അരിയില്‍ ശുകൂര്‍ ചെയ്ത ഏതോ ചില നന്മകളുടെ ഗുണഫലമായിരിക്കാം. തന്റെ ജീവന്‍ വെട്ടിപ്പൊളിച്ചതിന്റെ മറവില്‍ രാഷ്ട്രീയ മൂലധനം ഒരുക്കൂട്ടിയവര്‍ തന്നെ കഠാരയുമായി റോന്ത് ചുറ്റുന്നത് ഇലക്ട്രിക് പോസ്റ്റുകളിലും അങ്ങാടികളില്‍ കുഴിച്ചിട്ട കമുകിന്മേലും ഇരുന്ന് കാണേണ്ടല്ലോ. എളങ്കൂരിലെ അബ്ദുഹാജിയും മണ്ണാര്‍ക്കാട്ടെ പള്ളത്ത് കുഞ്ഞിഹംസയും നൂറുദ്ദീനും അരിയിലെ ശുകൂറില്‍ നിന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് മാന്യന്മാര്‍ ചോദിച്ചു തുടങ്ങും മുമ്പേ അവശേഷിച്ചിരിക്കുന്ന ശുകൂര്‍ ബോര്‍ഡുകള്‍ അഴിച്ചുമാറ്റി അട്ടപ്പുറത്തിടാന്‍ ശുകൂറിനെ സ്‌നേഹിക്കുന്നവര്‍ തയ്യാറാകണം. രക്തസാക്ഷികളെപ്രതിയുള്ള ഓര്‍മകളെ വ്യഭിചരിക്കാതെ വേണം അവരോട് നീതി കാണിക്കാന്‍. അതിനാല്‍ ആ ഫഌക്‌സ് ബോര്‍ഡുകള്‍ അഴിച്ചുമാറ്റാനുള്ള സമയമിതാ വന്നെത്തിയിരിക്കുന്നു.

സിറാജ് പത്രത്തില്‍ പ്രസിദ്ധീകരിച്ചത്