Tuesday, February 7, 2012


തിരുത്തും ഒരു മാധ്യമപ്രവര്‍ത്തനമല്ലേ? -- സാക്ഷി


വിവിധ ലക്കങ്ങളില്‍ രിസാല പ്രസിദ്ധീകരിച്ച മാധ്യമ വിമര്‍ശങ്ങള്‍
 വായനക്കാര്‍ മറന്നിട്ടുണ്ടാവില്ല. കെട്ടുകഥകളെ അടിസ്ഥാനമാക്കി
 കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മുസ്ലിം സമുദായത്തെ
 മുള്‍മുനയില്‍ നിര്‍ത്തി നടത്തിയ, ലവ് ജിഹാദ് എന്ന്
 സൌകര്യപൂര്‍വം പേരുവിളിച്ച കുപ്രചാരങ്ങളുടെ 
പശ്ചാത്തലത്തിലായിരുന്നു  പ്രസ്തുത ഇടപെടല്‍. രിസാല 
ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും മാധ്യമ നൈതികതയുടെയും 
പക്ഷത്തു നിന്ന് കൊണ്ടും കേരളീയ സമൂഹത്തോട് പൊതുവിലും 
രിസാല  പ്രതിനിധാനം ചെയ്യുന്ന മുസ്ലിം സമുദായത്തോട് 
പ്രത്യേകിച്ചും പുലര്‍ത്തിപ്പോരുന്ന പ്രതിബദ്ധതയുടെയും 
പേരിലായിരുന്നു ഞങ്ങള്‍ ആ ഇടപെടല്‍ നടത്തിയത്. 
രിസാലയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളോട് കേരളത്തിലെ
 പ്രമുഖ മാധ്യമപ്രവര്‍ത്തകരും സാമൂഹിക ശാസ്ത്രജ്ഞരും
 പ്രതികരിക്കുകയുണ്ടായി. മുസ്ലിം പക്ഷത്തു നിന്ന് 
സമീപകാലത്തുണ്ടായ ഏറ്റവും സര്‍ഗാത്മകവും ജനകീയവുമായ 
മാധ്യമ വിമര്‍ശം എന്ന് പലരും രിസാലയുടെ ഇടപെടലുകളെ 
വിശേഷിപ്പിക്കുകയുണ്ടായി. വിമര്‍ശങ്ങള്‍ അതിരു കടന്നോ 
എന്നും, ചില മാധ്യമങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കുകയായിരുന്നോ 
എന്നും ചിലര്‍  സംശയം പ്രകടിപ്പിച്ചു. പക്ഷേ, രിസാല 
അതിരുകള്‍ക്കുള്ളില്‍ തന്നെ ആയിരുന്നുവെന്നും അതിരുകടന്നവരെ 
തിരുത്തിപ്പിക്കാനുള്ള
 പരിശ്രമത്തിലാണെന്നും ഞങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. 
ഞങ്ങളുടെ ബോധ്യം തെറ്റല്ല എന്ന് കഴിഞ്ഞ ദിവസങ്ങളില്‍  
പുറത്തുവന്ന വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി അടിവരയിടുന്നു. 
വലതുപക്ഷ ഹിന്ദു തീവ്രവാദ സംഘടനകളുടെ മുന്‍കയ്യില്‍ 
നടന്ന വിദ്വേഷ പ്രചാരണം ആയിരുന്നു ലവ് ജിഹാദ് എന്ന് 
കേരള പോലീസിന്റെ വിവിധ ഏജന്‍സികള്‍ നടത്തിയ 
അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. 
മര്‍മ്മ പ്രധാനമായ ചോദ്യം മറ്റൊന്നാണ്; ഈ വിദ്വേഷ പ്രചാരണം
 നടത്തിയ മാധ്യമങ്ങള്‍ തിരുത്താന്‍ തയാറുണ്ടോ? തങ്ങള്‍ നടത്തിയ,
 കേരളീയ സമൂഹത്തിലെ സാമൂഹികാന്തരീക്ഷത്തെ കലാപ 
കലുഷിതമാക്കാന്‍ പോന്ന പ്രചാരണങ്ങള്‍ തെറ്റായിരുന്നുവെന്ന 
യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ഒരു നിമിഷമെങ്കിലും പകച്ചു നില്‍ക്കാന്‍
  മേല്‍ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എഡിറ്റോറിയല്‍ 
ടീമുകള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെങ്കില്‍, കേരളത്തിലെ 
മുസ്ലിംകള്‍ക്കെങ്കിലും പത്രങ്ങള്‍ വായിക്കാതിരിക്കാനും 
ടെലിവിഷന്‍ ചാനലുകള്‍ ഓഫാക്കാനും മറ്റൊരു കാരണവും കാത്തു 
നില്‍ക്കേണ്ടതില്ല. മാധ്യമ പ്രവര്‍ത്തനത്തിന് ബലിയാടുകളുണ്ടാവുക 
സ്വാഭാവികമാണെന്നാണ് ലവ് ജിഹാദ് ചര്‍ച്ചകളോട് പ്രതികരിച്ചു
 കൊണ്ട് ഉത്തരവാദപ്പെട്ട ഒരു മാധ്യമ, രാഷ്ട്രീയ പ്രവര്‍ത്തകന്‍
 പ്രതികരിച്ചത്. ഈ ബലിയാടുകളോട് മാധ്യമങ്ങള്‍ എങ്ങനെ 
നീതികാട്ടുന്നു എന്നു കാണാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. മാധ്യമ
 പ്രവര്‍ത്തനത്തിന്റെ നൈതികതയും സാമൂഹിക പ്രതിബദ്ധതയും
 വീണ്ടെടുക്കുന്നതില്‍ അത്തരമൊരു നീതികാട്ടലിനു വലിയ പങ്കുണ്ട്
. തിരുത്തും ഒരു മാധ്യമ പ്രവര്‍ത്തനമാണ് എന്ന് നമ്മുടെ മുഖ്യധാര 
മാധ്യമങ്ങള്‍ മനസ്സിലാക്കുന്ന കാലം വരാതിരിക്കില്ല എന്നു
 പ്രതീക്ഷിക്കാം. 
ഇത്തരം കെട്ടുകഥകള്‍ക്ക് പ്രചുരപ്രചാരം നല്‍കുന്നതില്‍ ഓണ്‍ലൈന്‍
 മാധ്യമങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ചും കൂടുതല്‍ ഗൌരവതരമായ
 പര്യാലോചനകള്‍ ഉണ്ടാകേണ്ടതുണ്ട്. ഓണ്‍ലൈന്‍ സ്പൈസുകള്‍
 മാധ്യമ പ്രവര്‍ത്തനത്തെ ജനാധിപത്യവത്കരിക്കുന്നു എന്ന വാദം
 ആഘോഷിക്കുന്നതിനിടെ അത് തുറന്നിടുന്ന ജനാധിപത്യ വിരുദ്ധ 
വഴികളെക്കുറിച്ചാലോചിക്കാന്‍ പലരും മെനക്കെടാറില്ല. കൂടുതല്‍
ഉത്തരവാദിത്വബോധമുള്ള മാധ്യമ വിദ്യാഭ്യാസവും വായനാ 
സംസ്കാരവും രൂപപ്പെടുത്തുന്നതിലൂടെ ഓണ്‍ലൈന്‍
മാധ്യമങ്ങളുടെ ഇത്തരം പരിമിതികളെ നമുക്ക് മറികടക്കാനാവൂ.
രിസാലയുടെ ഇടപെടലുകള്‍ അസ്ഥാനത്തായില്ല എന്ന വസ്തുത 
ഞങ്ങളെ സന്തോഷഭരിതരാക്കുന്നുണ്ട്. അതോടൊപ്പം ഇത് 
ഞങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഒന്നുകൂടെ ഓര്‍മപ്പെടുത്തുകയും 
ചെയ്യുന്നു. പല കാരണങ്ങള്‍ കൊണ്ട് നമ്മുടെ മാധ്യമ വിമര്‍ശ മേഖല 
ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ കൂടുതലായി 
അക്കാദമികവത്കരിക്കപ്പെടുകയും അതുവഴി 
വരേണ്യവത്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന 
ഈ മേഖലയെ കൂടുതല്‍ ജനകീയവും വ്യാപകവുമാക്കേണ്ടതുണ്ട്.
 എങ്കിലേ നമ്മുടെ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗരൂകമാവൂ.
 മാധ്യമ പ്രവര്‍ത്തനം മാത്രമല്ല, മാധ്യമ സാക്ഷരതയും
 രിസാലയുടെ പ്രധാന അജണ്ടകളില്‍ ഒന്നാണ്.



http://www.risalaonline.com