Monday, February 24, 2014



മോഷ്ടാവ് സന്യാസിയായി മാറിയ ഒരു കഥയുണ്ട്. രാത്രിയില്‍ വേഷം മാറി മോഷണത്തിന് ഇറങ്ങിത്തിരിച്ച മോഷ്ടാവിനെ കണ്ട് ഒരാള്‍ കള്ളനെന്ന് വിളിച്ച് കൂവി ബഹളം വെച്ചു. ഇറങ്ങി ഓടിയ കള്ളന്റെ പിറകെ ഒരു ഗ്രാമം മുഴുവനും ഓടി. താന്‍ പിടിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ കള്ളന് പെട്ടെന്ന് ഒരു സൂത്രം തോന്നി. ഓടുന്നതിനിടയില്‍ അയാള്‍ അല്‍പം ചാരം സംഘടിപ്പിച്ചു. ചാരത്തില്‍ കൈ വിരല്‍ മുക്കി നെറ്റിയിലും നെഞ്ചിലും അയാള്‍ കുറി വരച്ചു. വഴിയില്‍ കണ്ട ആല്‍മരത്തറയില്‍ ചമ്രംപടിഞ്ഞിരുന്ന് കണ്ണടച്ച് അയാള്‍ ദൈവനാമം ഉച്ചരിക്കാന്‍ തുടങ്ങി. കള്ളന്റെ പിറകെ പോയവര്‍ക്ക് കള്ളനെ കാണാനായില്ല. എന്നാല്‍ ആല്‍മരത്തറയില്‍ അവര്‍ ഒരു ഭക്തനായ സന്യസിയെ കണ്ടു. അവരെല്ലാം സന്ന്യാസിവര്യരെ താണുവണങ്ങി. സന്യാസി കണ്ണുതുറന്നു. ചുറ്റും നിരന്നു നില്‍ക്കുന്ന ഭക്തപരിവാരത്തെ കണ്ടു. അവര്‍ ഭക്ത്യാദരപൂര്‍വ്വം സന്യാസിയോട് ആവലാതി ബോധിപ്പിച്ചു. ഗൗരവ ഭാവം പൂണ്ട് സന്യാസി പറഞ്ഞു. ഇനി മേല്‍ ഈ ഗ്രാമത്തിന് മോഷ്ടാവിന്റെ ശല്യമുണ്ടാവില്ല. ഈ ഗ്രാമത്തിന്റെ സുരക്ഷിതത്വം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. ഭക്തര്‍ താണു വണങ്ങി സന്യാസിയുടെ മുന്നില്‍ ധാരാളം ഭിക്ഷ സമര്‍പ്പിച്ചു. പിന്നീട് ആ ഗ്രാമത്തില്‍ മോഷണ ശല്യമുണ്ടായില്ല. അന്നുമുതല്‍ സന്യാസി ആ ഗ്രാമത്തെ രാപ്പകലുകള്‍ കാത്ത് രക്ഷിച്ച് പോന്നു.
ഇവിടുന്നാണ് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മീയ ചൂഷണത്തിന്റെ കഥ തുടങ്ങുന്നത്. ഒരു ഗ്രാമത്തിന്റെ ആചാര്യനായാല്‍ ആ ഗ്രാമത്തിലെ വിശുദ്ധരായ ഭക്തശിരോമണികളുടെ ഭിക്ഷ മുഴുവനും പിരിച്ചെടുക്കാം. ഒരു സംസ്ഥാനത്തിന്റെ തന്നെ രാജാവായാലോ? എങ്കില്‍ പിരിച്ചെടുക്കാന്‍ കഴിയുന്നത് വിശ്വാസി ലക്ഷങ്ങളുടെ കോടി സക്കാത്താണ്. അങ്ങിനെയാണ് ജനാധിപത്യ ഇന്ത്യയിലെ വെറുമൊരു സംസ്ഥാനമായ കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയുള്ളപ്പോഴും മുസ്‌ലിംകള്‍ക്ക് വേണ്ടി ഒരു ഖലീഫ (രാജാവ്) യുണ്ടായത്. അമീറുല്‍ മുഅ്മിനീന്‍ എന്ന് പേര് വിളിച്ചത് നബി തങ്ങള്‍ക്ക് ശേഷം ഇസ്‌ലാമിക ഖിലാഫത്തിന് നേതൃത്വം നല്‍കിയ ഇസ്‌ലാമിലെ (ഖലീഫ) രാജാവിനാണ്.
അമീറിന് ഒരുപാട് അധികാരങ്ങളുണ്ട്. ഇസ്‌ലാമിക നിയമമനുസരിച്ച് രാജ്യം ഭരിക്കുക, പ്രജകളുടെ ക്ഷേമഐശ്വര്യങ്ങള്‍ക്ക് വേണ്ടി ഇടപെടുക, രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷിതത്വം, നീതി നടപ്പിലാക്കല്‍, രാജ്യാതിര്‍ത്തി കാക്കല്‍, നിയമം സൃഷ്ടിക്കല്‍ തുടങ്ങി പിടിപ്പത് ബാധ്യത നിര്‍വ്വഹിക്കാനുണ്ട്.
എന്നാല്‍ കേരള അമീറിന് ഇത്തരം ജോലി ഭാരങ്ങളൊന്നും കേന്ദ്ര ശൂറ അനുവദിച്ചു നല്‍കിയിട്ടില്ല. അതിനാല്‍ വ്യഭിജരിച്ച ഒരാളെയും എറിഞ്ഞു കൊല്ലാന്‍ ഇന്ന് വരെ അമീറിന് കല്‍പന പുറപ്പെടുവിക്കേണ്ടി വന്നിട്ടില്ല. നിസ്‌കരിക്കാത്തവന്റെ തല വെട്ടുക, മോഷ്ടാവിന്റെ കൈ വെട്ടുക ഇത്യാദി അധികാര ഭാരത്തിന്റെ നൂലാമാലകളൊന്നും അദ്ദേഹത്തെ അലട്ടുന്നില്ല. ബൈഅത്ത് ചെയ്ത വളരെ കുറച്ച് പേരുടെ സ്വഭാവ ദൂഷ്യങ്ങില്‍ മാത്രം വിധി പുറപ്പെടുവിച്ചാല്‍ മതി.
അച്ചടക്കം ലംഘിച്ച പ്രജകളായ ഒ. അബ്ദുല്ല, രിയാളു സാഹിബ്, ഹമീദ് വാണിമേല്‍ തുടങ്ങി മങ്കട ഇമാമു വരെയുള്ളവരെ രാജ്യാര്‍തിര്‍ത്തിയില്‍ നിന്ന് പടിയടച്ച് പിണ്ഠം വെച്ചാല്‍ അമീറിന് നിദ്ര പുല്‍കാം. വെളുപ്പാം കാലത്ത് ഉണര്‍ന്ന് മീഡിയാ വണ്‍ ചാനലിലെ ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം പ്രക്ഷേപണം ചെയ്യുന്ന നാടകം, റിയാലിറ്റി ഷോ, സിനിമ, ഗാനമേള, സമര മത്സരങ്ങള്‍ എന്നിവ കണ്ട് ഉള്‍പുളകമണിഞ്ഞ് അഭിനേതാക്കള്‍ക്കും അഭിനേത്രികള്‍ക്കും അവാര്‍ഡ് നല്‍കി കൊച്ചി, തിരുവിതാംകൂര്‍ തുടങ്ങി അയല്‍ രാജാക്കന്‍മാരുടെ അധികാരാരോഹണച്ചടങ്ങില്‍ പങ്കെടുത്ത് അവരുടെ പട്ടമഹിഷിമാരുമായി ഭരണകാര്യങ്ങളുടെ സങ്കേതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് കഴിയുമ്പോഴേക്കും നേരം പാതിരയാവും. സഹായിക്കാന്‍ അസിസ്റ്റന്റ് അമീറും ശിങ്കിടികളുമുള്ളതിനാല്‍ ഒരു തരത്തില്‍ ഭരണം ശുഭം. കുറേ യൗവ്വന ശിങ്കങ്ങളെ തീറ്റിപോറ്റുന്നതിനാല്‍ അതിര്‍ത്തിയില്‍ നിന്നുള്ള ആക്രമണവും ഭയപ്പെടേണ്ടതില്ല.
ആകെ വരുന്ന ഒരു ജോലി ഭാരം വര്‍ഷം തോറും പ്രജകളുടെ സകാത്ത് മുടങ്ങാതെ പിരിച്ചെടുക്കുന്നതാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകരാതെ കാത്തു സൂക്ഷിക്കേണ്ടതുണ്ടല്ലോ..? മാധ്യമം, മീഡിയവണ്‍, സമരങ്ങള്‍, നാടകങ്ങള്‍, പോസറ്ററുകള്‍, തെരഞ്ഞെടുപ്പുകള്‍, സമ്മേളനങ്ങള്‍ ഇത്യാദി കര്‍മ്മ മഹാമഹങ്ങളെല്ലാം പ്രജ, ക്ഷേമത്തിനായി രാപ്പകല്‍ ഭേധമന്യേ പണിയെടുക്കുന്ന ഉദ്യോഗസ്ഥ വര്‍ഗ്ഗത്തെ തീറ്റിപ്പോറ്റുകയും കൊട്ടാരവും ഫ്‌ളാറ്റും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതില്ലേ.. ? അതിനാല്‍ അമീര്‍ ജാഗ്രതോയടെ നിര്‍വ്വഹിക്കേണ്ട വലിയ ബാധ്യതയാണ് സകാത്ത് പിരിവ്.
ഇങ്ങിനെയെല്ലാമാണെങ്കിലും രാജാവും പ്രജകളും പച്ചവെള്ളം ചവച്ചരച്ചേ കുടിക്കൂ.. LCD ഉപയോഗിച്ചോ മറ്റോ തെരുവിലിരുന്നാരെങ്കിലും മതവിഷയത്തില്‍ സംവാദം നടത്തുന്നത് പോലും പ്രജാപതിക്കും പ്രജകള്‍ക്കും സഹിക്കില്ല. അങ്ങിനെ പരവിദ്വേഷം പ്രചരിപ്പിക്കുകയോ പരസ്പരം ഗ്വാ ഗ്വാ വിളിക്കുകയോ ചെയ്യരുത്. അതെല്ലാം മഹാ കഷ്ടമാണ്. മാനക്കേടാണ്. അന്തസോടെ മാത്രമേ അമീറും അനുയായികളും നാടകം പോലും കളിക്കൂ. ആത്മീയ ചൂഷണവും പൗരോഹിത്യ വാഴ്ചയും നേരിടാന്‍ ഇരുമ്പുലക്കെയെടുത്തും മുക്രയിട്ടും കോലം വരച്ചും കോലം കെട്ടുന്നത് അധര്‍മ്മം സഹിക്കാത്തത് കൊണ്ട് മാത്രമാണ്. എന്തും സഹിക്കും, അധര്‍മ്മവും അനീതിയും മാത്രം നോക്കി നില്‍ക്കാനേ പാടില്ല. ഇതല്ലേ ജമാഅത്തിയന്‍ മതം തന്നെ. അപ്പോള്‍ പിന്നെയെങ്ങിനെ മാധ്യമത്തിലും പ്രബോധനത്തിലുമിരുന്ന് തെറി പറയാതിരിക്കും. സത്യം സ്ഥാപിക്കാന്‍ അല്പമൊക്കെ നുണ പറയാവുന്നതേയുള്ളൂ.
മതത്തിന്റെ പേരില്‍ വിശ്വാസികളുടെ സമ്പത്തോ ആരോഗ്യമോ ചൂഷണം ചെയ്യുമ്പോള്‍ അതെങ്ങിനെ സഹിക്കാനാവും. സുന്നി മുസ്‌ലിയാക്കന്‍മാര്‍ സ്വലാത്തിന്റേയും ദിക്‌റിന്റെയും മൗലിദിന്റെയും ബറക്കത്തിന്റെയും പേരില്‍ പണം പിരിച്ച് പള്ളിയും മദ്രസയും അറബി കോളേജുകളും സമ്മേളനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തുന്നതും വിശ്വാസികളുടെ ആരോഗ്യം ഉപയോഗിച്ച് സംഘടനാ പ്രവര്‍ത്തനം നടത്തുന്നതും വിശ്വാസികളുടെ ആത്മീയ ചൂഷണമല്ലെങ്കില്‍ അമൃതാനന്ദമയിയും സായിബാബയും ശ്രീ ശ്രീയും നടത്തുന്ന ചൂഷണത്തെ എതിര്‍ക്കാനാകുമോ.?
ഇടിച്ച് പൊളിച്ച് ധൂമം പറത്തിയേ ഇസ്‌ലാമിക ഖലീഫക്കും അനുയായികള്‍ക്കും വിശ്രമിക്കാനാകൂ.. പാവം വിശ്വാസികളെ മാലയും മൗലീദും സ്വലാത്തും ബറക്കത്തും ചൊല്ലി ചൂഷണം ചെയ്യാവതല്ല തന്നെ. വിശ്വാസികളുടെ നിര്‍ബന്ധ ബാധ്യതയായ സകാത്ത് അമീറിന്റെ ബൈത്തുല്‍ മാലിലടച്ച് രശീതി വാങ്ങിയില്ലെങ്കില്‍.... (ഇസ്‌ലാമിന്റെ പേരില്‍ സക്കാത്ത് അടിച്ചു മാറ്റുന്നത് ചൂഷണമാണെന്ന് ശൂറ ഇത് വരെ ഫത്‌വ ഇറക്കിയിട്ടില്ല) പിന്നെയെങ്ങിനെയാണ് ഇസ്‌ലാമിക രാജ്യത്തിന്റെ തലസ്ഥാനം ഡല്‍ഹിയാക്കി മാറ്റാനാവുക.
സുന്നീ പുരോഹിത വര്‍ഗ്ഗം ഖുര്‍ആനും ഹദീസും പൂര്‍വ്വിക പണ്ഡിതന്മാരുടെ വിശദീകരണവുമനുസരിച്ച് മതകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കൊണ്ടാണ് പ്രജകളുടെ ഗണ്യമായ കുറവുണ്ടാവുന്നത്. അധികാരം മെലിഞ്ഞുണങ്ങിപ്പോവുന്നത്. അടിസ്ഥാന രാഷ്ട്രീയ വിഷയത്തില്‍ പോലും അഭിപ്രായ ഏകീകരണത്തിലെത്താനാവാത്തത് പൗരോഹിത്യം വെള്ള കന്തൂറയും തലപ്പാവുമണിഞ്ഞതിനാലാണ്. പാന്റ്‌സും കുപ്പായവുമിട്ട അമീറുമാരെ (പുരോഹിതന്‍മാര്‍) യാണ് ജനം അംഗീകരിക്കേണ്ടത്. തലപ്പാവണിഞ്ഞ പുരോഹിത വര്‍ഗ്ഗം ഗ്രന്ഥം നോക്കി മറുപടി പറഞ്ഞാല്‍ പുതിയ കാലത്തിനനുസരിച്ച് മതനിയമങ്ങള്‍ മാറ്റിപ്പറയാനാവുമോ... കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കാനറിയാത്തതു കൊണ്ടല്ലേ താബൂത്തിയന്‍ ഭരണ സങ്കേതങ്ങള്‍ ഉണ്ടായത്. പാന്റ്‌സ് പുരോഹിതന്മാരുണ്ടായതിനാലല്ലേ ഇന്ന് മത്സരിക്കാനാവുന്നത്. ഇലക്ഷനില്‍ വോട്ട് ചെയ്യാനാവുന്നത്. സര്‍ക്കാര്‍ ശമ്പളം പറ്റാനാവുന്നത്. സ്ത്രീകളെ തെരുവിലിറക്കാനും നാടകം കളിപ്പിക്കാനും അവരോടൊപ്പം ശൂറയില്‍ സ്വകാര്യം പറയാനുമാവുന്നത്. അങ്ങിനെയങ്ങിനെയങ്ങിനെ നാളെ ഇന്ദപ്രസ്ഥത്തില്‍ ജമായത്തെ ഇസ്‌ലാമിയുടെ ഖലീഫ വാഴാനിരിക്കുന്നത്.

Wednesday, February 5, 2014

ആ വിളക്കുമാടം കണ്ണടച്ചു


കഴിഞ്ഞ ഏഴ് ദശകങ്ങളോളമായി സമുദായത്തിന്റെ ഊണിനും ഉറക്കിനും കാവല്‍ നിന്ന, നമ്മുടെ ആശകളേയും അഭിലാഷങ്ങളേയും നേര്‍വഴിക്ക് നടത്തിയ, വീണുപോകുമെന്ന് തോന്നിയപ്പോഴേക്കും നമ്മുടെ കൈ പിടിച്ചു നടത്തിയ, താങ്ങും തണലുമായി നിന്ന് സ്‌നേഹിച്ചും ശാസിച്ചും നമ്മുടെ മാര്‍ഗം തെളിച്ചു തന്ന, സ്‌നേഹനിധിയായ ഒരു പിതാവിനെ പോലെ നമ്മെ മുന്നില്‍ നിന്ന് നയിച്ച, താജുല്‍ ഉലമയുടെ ശരീരമാണ് കൈയില്‍. ചേതനയറ്റ നിലയില്‍ ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയാതിരുന്ന ആ ശരീരം അനക്കമില്ലാതെ കിടക്കുകയാണ്. ആ ശരീരത്തെയെടുത്തു മണ്ണിലേക്ക് വെക്കണം. സര്‍വശക്തനായ അല്ലാഹുവിന്റെ തിരു സവിധത്തിലേക്കു യാത്രയാക്കണം, ആ ശരീരത്തിന് മുകളിലേക്ക് മണ്ണ് വാരിയിടണം. നിത്യമായ ഉറക്കത്തിലേക്ക് പ്രിയപ്പെട്ട തങ്ങളെ അവസാനത്തെ സലാം പറഞ്ഞ് പറഞ്ഞയക്കണം. ഉള്ള് പൊള്ളാതെ ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?


പ്രിയപ്പെട്ട പ്രവര്‍ത്തകരേ,
ഏഴിമല എട്ടിക്കുളം തഖ്‌വാ മസ്ജിദിനു സമീപത്തെ നനുത്ത മണ്ണിലേക്ക് നമ്മുടെ നേതാവ് താജുല്‍ ഉലമയുടെ ചേതനയറ്റ ശരീരം എടുത്തുവെക്കുമ്പോള്‍ എന്റെ അകം പൊള്ളുകയായിരുന്നു. കഴിഞ്ഞ ഏഴ് ദശകങ്ങളോളമായി സമുദായത്തിന്റെ ഊണിനും ഉറക്കിനും കാവല്‍ നിന്ന, നമ്മുടെ ആശകളേയും അഭിലാഷങ്ങളേയും നേര്‍വഴിക്ക് നടത്തിയ, വീണുപോകുമെന്ന് തോന്നിയപ്പോഴേക്കും നമ്മുടെ കൈ പിടിച്ചു നടത്തിയ, താങ്ങും തണലുമായി നിന്ന് സ്‌നേഹിച്ചും ശാസിച്ചും നമ്മുടെ മാര്‍ഗം തെളിച്ചു തന്ന, സ്‌നേഹനിധിയായ ഒരു പിതാവിനെ പോലെ നമ്മെ മുന്നില്‍ നിന്ന് നയിച്ച, താജുല്‍ ഉലമയുടെ ശരീരമാണ് കൈയില്‍. ചേതനയറ്റ നിലയില്‍ ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയാതിരുന്ന ആ ശരീരം അനക്കമില്ലാതെ കിടക്കുകയാണ്. ആ ശരീരത്തെയെടുത്തു മണ്ണിലേക്ക് വെക്കണം. ആ ശരീരത്തിന് മുകളിലേക്ക് മണ്ണ് വാരിയിടണം. നിത്യമായ ഉറക്കത്തിലേക്ക് പ്രിയപ്പെട്ട തങ്ങളെ അവസാനത്തെ സലാം പറഞ്ഞ് പറഞ്ഞയക്കണം. ഉള്ള് പൊള്ളാതെ ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
തന്റെ നാഥന്റെയടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു തങ്ങള്‍. ഈ തയ്യാറെടുപ്പില്‍ ജീവിച്ച തങ്ങളെ സംബന്ധിച്ചിടത്തോളം മണ്ണ് മാന്തിയെടുത്തുണ്ടാക്കിയ ആ ഖബര്‍ എന്നും ഒരു പ്രലോഭനമായിരുന്നു. ആ വീട്ടിലെത്തിപ്പെടാനുള്ള ആഗ്രഹത്തിലായിരുന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താജുല്‍ ഉലമ. ആ ധൃതിയും ആഗ്രഹവും കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ വെച്ചു തങ്ങള്‍ തന്നെ നമ്മോട് പങ്ക് വെച്ചതുമാണ്. ‘എന്റെ ദീര്‍ഘായുസ്സിന് വേണ്ടി നിങ്ങള്‍ ഇനി ദുആ ചെയ്യേണ്ട, ഇനി എനിക്ക് ഖല്‍ബ് ലങ്കി മരിച്ചാല്‍ മതി. അതിനു വേണ്ടി നിങ്ങളൊക്കെ ദുആ ചെയ്യണം’. ഖല്‍ബ് ലങ്കി മരിക്കണം! എന്തൊരു പറച്ചിലാണത്? ആഗ്രഹിച്ചതു പോലെ ഹൃദയം ലങ്കി തന്നെയാണ് താജുല്‍ ഉലമ നമ്മെയും വിട്ട് യാത്ര പോയതെന്ന് ഉറപ്പ്. ആ മുഖത്തെ വെളിച്ചവും പ്രസരിപ്പും അത്രമാത്രമുണ്ട്. മരണത്തെ മുന്നില്‍ കണ്ടെന്നതു പോലെ സംസാരമെല്ലാം ഒഴിവാക്കി പ്രാര്‍ഥനാനിരതനായി ഇരിക്കുകയായിരുന്നു ഈ കഴിഞ്ഞ കുറേ ദിവസങ്ങളിലായി നമ്മുടെ താജുല്‍ ഉലമ. ഏറ്റവുമൊടുവില്‍ പുറത്തൊരാളോട് സംസാരിച്ചത് അല്‍പ്പം സംസം വെള്ളം കിട്ടാനാണ്. ഈ ഭൂമിയില്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശുദ്ധമായ പാനീയം. ശരീരത്തിന്റെയും ആത്മാവിന്റെയും വിശപ്പിനെ ഒരു പോലെ കെടുത്തിക്കളയാന്‍ അല്ലാഹു സമ്മാനിച്ച ആ തെളിനീരിനു വേണ്ടിയുള്ള ചോദ്യം പോലും വിശ്വാസിക്ക് പ്രാര്‍ഥനയാണ്. അങ്ങനെ തന്റെ സൃഷ്ടാവുമായും സ്രഷ്ടികളില്‍ ഏറ്റവും ഉത്തമരായ, ഉപ്പാപ്പകൂടിയായ മുത്ത്‌നബി(സ)യോടുമുള്ള സംഭാഷണത്തിലായിരുന്നു താജുല്‍ ഉലമ. ആ സംഭാഷണത്തിന്റെ തുടര്‍ച്ച തെന്നയായിരിക്കും ആ മഹാഗുരുവിനെ സംബന്ധിച്ചിടത്തോളം മരണവും. കഴിഞ്ഞ കുറേ ദിവസങ്ങളായി കാത്തിരുന്ന അതിഥിയാണല്ലോ എത്തിയിരിക്കുന്നത് എന്ന് അസ്‌റാഈല്‍ (അ) വന്നു വിളിച്ചപ്പോള്‍ തങ്ങളുടെ ഖല്‍ബ് ലങ്കിയിട്ടുണ്ടാകും.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ താജുല്‍ ഉലമയെ വീട്ടില്‍ പോയി കണ്ടിരുന്നു. പ്രായത്തിന്റെ സ്വാഭാവികമായ ക്ഷീണമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. സന്തോഷവാനായി ഇരിക്കുകയായിരുന്നു തങ്ങള്‍. ഇടക്കിടെ ബുര്‍ദ പാടിപ്പിക്കും. തങ്ങള്‍ എല്ലാം മറന്ന് അതില്‍ ലയിച്ചിരിക്കും. അപ്പോള്‍ തങ്ങളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയാണ്. സന്തോഷം കൊണ്ട് തങ്ങള്‍ പിന്നെ ഊര്‍ജസ്വലനാകും. പ്രവാചകര്‍ (സ) യോടുള്ള അതിരറ്റ സ്‌നേഹമായിരുന്നു തങ്ങളുടെ ഊര്‍ജത്തിന്റെ എക്കാലത്തെയും കരുത്ത്. ആ കരുത്ത് നമ്മളിലേക്ക് പകര്‍ന്നു തന്നാണ് തങ്ങള്‍ യാത്രയായിരിക്കുന്നത്.
താജുല്‍ ഉലമയുടെ മഹത്വവും സ്വാധീനവും എത്രമാത്രം ഉണ്ടെന്നു വിളിച്ചറിയിക്കുന്നതായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴിമലയിലേക്കു ഒഴുകിയ ജനലക്ഷങ്ങള്‍. തിങ്കളാഴ്ച പുലര്‍ച്ചെ പഴയങ്ങാടി ഏഴിമല റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ കണ്ട ആ കാഴ്ചയെ അത്യത്ഭുതകരം എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. ഉറക്കമൊഴിച്ചു നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പ്രിയപ്പെട്ട താജുല്‍ ഉലമയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആഗ്രഹിച്ചു എത്തിയവരായിരുന്നു റോഡ് നിറയെ. ആ ജനക്കൂട്ടത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഉണ്ടായിരുന്നു. ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രിയപ്പെട്ടതാകാന്‍ ഓരോ കാരണവും ഉണ്ടായിരുന്നു. ആ കാരണങ്ങളെയെല്ലാം തന്നെ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി കണ്ണി ചേര്‍ക്കാനായി എന്നതാണ് നമ്മുടെ താജുല്‍ ഉലമയുടെ പ്രത്യേകത.
താജുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളും നേതൃത്വവും സമസ്തയുടെ ഉന്നമനത്തിന് ഏറെ പ്രചോദനമേകിയിട്ടുണ്ട്. 1956 മുതല്‍ സമസ്തയുടെ അമരത്തിരുന്നു മുസ്‌ലിം സമുദായത്തിനു ദിശാ ബോധം നല്‍കിയ ആ മഹാമനീഷിക്ക് സമുദായത്തിന്റെ ഓരോ അനക്കവും മനസ്സിലാക്കാനും അതിന്റെ അനന്തര ഫലങ്ങളെ കുറിച്ചു കൃത്യമായ അഭിപ്രായങ്ങള്‍ രൂപവത്കരിക്കാനും നിലപാടുകളെടുക്കാനും അസാമാന്യമായ കഴിവുണ്ടായിരുന്നു. കേരളത്തിലെയും ഇപ്പോള്‍ കേരളത്തിനു പുറത്തുമുള്ള മുസ്‌ലിം സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസപരവും മതകീയവും സാമൂഹികവുമായ പുരോഗതിക്ക് നാം കടപ്പെട്ടിരിക്കുന്നത് ആര്‍ജവം നിറഞ്ഞ ആ നിലപാടുകളോടാണ്. ആ നിലപാടുകളാണ് നിര്‍ണായകമായ നേരത്തൊക്കെയും സമുദായത്തെ സംരക്ഷിച്ചു നിര്‍ത്തിയത്. ധൈര്യശാലിയായ ഒരു കാവല്‍ക്കാരനായിരുന്നു താജുല്‍ ഉലമ. എല്ലാ വിധ ശത്രുക്കളില്‍ നിന്നും ഒരേ പോലെ, ഒരേ സമയം താന്‍ കാവല്‍ നില്‍ക്കാന്‍ നിയോഗിക്കപ്പെട്ട സമുദായത്തെ രക്ഷിച്ചു നിര്‍ത്താനുള്ള കഴിവ് തങ്ങള്‍ കടം കൊണ്ടത് പൂര്‍വസൂരികളില്‍ നിന്നും തന്റെ ഗുരുവര്യന്മാരില്‍ നിന്നുമാണ്.
കണ്ണിയത്ത് ഉസ്താദായിരുന്നു തങ്ങളുടെ മാര്‍ഗദര്‍ശി. ഉസ്താദിനോട് ചോദിക്കാതെ, ആ അനുഗ്രഹം വാങ്ങാതെ ഒന്നും ചെയ്യുമായിരുന്നില്ല. സത്യത്തോടല്ലാതെ മറ്റൊന്നിനോടും പ്രതിബദ്ധത ഉണ്ടാകരുതെന്ന പാഠം പഠിച്ചതും ആ ഗുരുവര്യരുടെ പ്രവൃത്തികളില്‍ നിന്നായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ തങ്ങള്‍ വാഴക്കാട്ടേക്ക് പോകും. ചര്‍ച്ച ചെയ്തു സമ്മതം വാങ്ങി വരും. എറണാകുളം സമ്മേളനത്തിന് ക്ഷണിച്ചപ്പോള്‍ കണ്ണിയത്ത് ഉസ്താദ് സമ്മതിച്ചാല്‍ വരാം എന്നായിരുന്നു തങ്ങള്‍ പറഞ്ഞ മറുപടി. വാഴക്കാട്ടേക്ക് തിരിച്ച തങ്ങള്‍ സമ്മതം മാത്രമല്ല, ആരോഗ്യം അനുവദിക്കുമെങ്കില്‍ എറണാകുളത്തേക്കു താനും വരും എന്ന കണ്ണിയത്തു ഉസ്താദിന്റെ ഉറപ്പും കൂടിയാണ് വാങ്ങി വന്നത്. അതായിരുന്നു നമ്മുടെ താജുല്‍ ഉലമ.
എല്ലാ പഴുതുകളും അടച്ചായിരുന്നു തങ്ങള്‍ ഓരോ യാത്രയും തുടങ്ങിയത്. 1989ല്‍ തുടങ്ങിയ യാത്രയും അങ്ങനെ തന്നെയായിരുന്നു. തീരുമാനം എടുക്കാന്‍ ശങ്കിച്ചു നില്‍ക്കുന്നവരോടൊക്കെ തങ്ങള്‍ക്കു ഒരേയൊരു മറുപടിയേ എന്നും ഉണ്ടായിരുന്നുള്ളൂ; ഞാന്‍ ഒറ്റക്കാണെങ്കിലും ഇതൊക്കെ ഞാന്‍ ചെയ്യും. കാരണം എനിക്ക് കടപ്പാട് സത്യത്തോടാണ്. ആരുണ്ട് കൂടെ, ആരില്ല എന്നതൊന്നും എന്റെ തീരുമാനത്തെ ബാധിക്കാന്‍ പോകുന്നില്ല. നോക്കൂ നിങ്ങള്‍, നമ്മുടെയീ കാലത്ത് ഇത്രയും ധീരമായി ഒരു നിലപാട് പറയാന്‍ ഒരു താജുല്‍ ഉലമക്കല്ലാതെ മറ്റാര്‍ക്ക് കഴിയും? ചുറ്റിലും ശത്രുക്കളായിരുന്നിട്ടും ഒറ്റക്കെങ്കില്‍ ഒറ്റക്ക് എന്ന് പറഞ്ഞ് സാഹസികമായ ഒരു യാത്രക്കിറങ്ങാന്‍ ഉള്ളാള്‍ തങ്ങളല്ലാതെ മറ്റാരുണ്ടാകും? തീരുമാനങ്ങളുടെ അനന്തരഫലങ്ങളെ കുറിച്ചോര്‍ത്ത് ശരിയായ തീരുമാനം എടുക്കുന്നതില്‍ നിന്ന് തങ്ങള്‍ ഒരിക്കലും പിന്മാറിയില്ല. അതല്‍പ്പം കഴിയട്ടെ എന്ന് പോലും ആലോചിച്ചില്ല. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളോ, സമ്പത്തിന്റെ പ്രൗഢിയൊ അധികാരത്തിന്റെ ശീതളിമയോ ആ തീരുമാനങ്ങളെ ഒരിക്കല്‍ പോലും സ്വാധീനിച്ചില്ല. ഖുര്‍ആനും തിരുസൂക്തങ്ങളുമായിരുന്നു തങ്ങളുടെ ആധാര രേഖ, അതായിരുന്നു തങ്ങളുടെ തീരുമാനങ്ങളെ നിശ്ചയിച്ച മിനിട്‌സ്.
ആ പ്രതിബദ്ധത കൈവിടാതെ മുറുകെ പിടികാന്‍ നമ്മെ ഓരോരുത്തരെയും ഉത്തരവദപ്പെടുത്തിയാണ് എട്ടിക്കുളത്തെ മണ്ണിലേക്ക് താജുല്‍ ഉലമ മടങ്ങിയത്. താജുല്‍ ഉലമ നമ്മളില്‍ അര്‍പ്പിച്ച വിശ്വാസത്തെ കെട്ടുപോകാതെ സൂക്ഷിക്കണം. ആ മഹാനുഭാവന്‍ നമുക്ക് വേണ്ടി എടുത്ത ധീരമായ ഓരോ നിലപാടിനെയും നാം ഹൃദയത്തോട് ചേര്‍ത്തുവെക്കണം. ഈ ലോകത്തും പരലോകത്തും നമ്മുടെയും ഖല്‍ബ് ലങ്കി നില്‍ക്കാന്‍ നാം അത് ചെയ്‌തേ മതിയാകൂ. വിളക്കുമാടമേ കെട്ട് പോയിട്ടുള്ളൂ. വെളിച്ചം ഇപ്പോഴും ഉണ്ട്.
സ്‌നേഹത്തോടെ,   
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍